ന്യൂഡൽഹി> ഛത്തീസ്ഗഢിൽ ഹിന്ദുത്വ തീവ്രവാദികൾ വീണ്ടും ക്രിസ്ത്യൻ പള്ളി അടിച്ചുതകർത്തു. നാരായൺപുർ ജില്ലാ ഭരണകേന്ദ്രത്തിനു സമീപത്തെ വിശ്വദീപ്തി ഹൈസ്കൂളിലെ കത്തോലിക്കാ പള്ളിയാണ് സെർവ് ആദിവാസി സമാജം പ്രവർത്തകരെന്ന് അവകാശപ്പെടുന്നവർ ആക്രമിച്ചത്. മതപരിവർത്തനം ആരോപിച്ചാണ് അതിക്രമം.
തിങ്കളാഴ്ച പകൽ ഗൊര ഗ്രാമത്തിലെ ക്രിസ്ത്യൻ വിശ്വാസികളെ ആക്രമിച്ചിരുന്നു. ഇതിനുശേഷമാണ് പള്ളിയിലേക്ക് ഇരച്ചെത്തിയത്. സംഭവത്തെ നിസ്സാരവൽക്കരിക്കാനാണ് പൊലീസ് ശ്രമം. ആദിവാസി ജില്ലകളായ നാരായൺപുർ, കൊണ്ട്ഗാവ് എന്നിവിടങ്ങളിൽ ഒക്ടോബർ അവസാനംമുതൽ ക്രൈസ്തവവേട്ട നടക്കുകയാണ്. പലായനം ചെയ്ത ആയിരങ്ങൾ പുതുവർഷത്തിൽപ്പോലും മടങ്ങിയെത്തിയിട്ടില്ല. ക്രിസ്ത്യൻവേട്ടയ്ക്കെതിരെ ശക്തമായ നടപടി എടുക്കാന് കോൺഗ്രസ് സർക്കാർ തയാറാകുന്നില്ല. ഡിസംബർ ഒമ്പതുമുതൽ 18 വരെമാത്രം എഴുപത് ആക്രമണം അരങ്ങേറി. ബിജെപി ജില്ലാ പ്രസിഡന്റടക്കമുള്ളവർക്കെതിരെ പരാതി നൽകിയെങ്കിലും കേസെടുത്തില്ല.















