മുംബൈ> ആറ് പേര് കൊല്ലപ്പെടുകയും നൂറിലേറെ പേര്ക്ക് പരിക്കേല്ക്കുകയും ചെയ്ത മലേഗാവ് സ്ഫോടനക്കേസില് കുറ്റവിമുക്തനാക്കണമെന്ന മുഖ്യപ്രതികളിലൊരാളായ ലഫ്റ്റനന്റ് കേണല് പ്രസാദ് ശ്രീകാന്ത് പുരോഹിതിന്റെ ഹര്ജി ബോംബെ ഹൈക്കോടതി തള്ളി. വിചാരണയ്ക്ക് സേനയുടെ അനുമതി വേണമെന്ന വാദം മുഖവിലയ്ക്കെടുത്തില്ല.
സ്ഫോടനമുണ്ടായപ്പോള് ഔദ്യോഗിക ചുമതല നിറവേറ്റുക മാത്രമായിരുന്നു താനെന്ന് പ്രതി അവകാശപ്പെട്ടു. സ്ഫോടനം നടത്തുന്നത് ഔദ്യോഗ കൃത്യനിര്വഹണത്തിന്റെ ഭാഗമല്ലെന്ന് കോടതി പരിഹസിച്ചു. എന്തുകൊണ്ട് സ്ഫോടനം തടയാന് ശ്രമിച്ചില്ല എന്നതാണ് പ്രധാനചോദ്യമെന്നും ജസ്റ്റിസുമാരായ എ എസ് ഗഡ്കരിയും പ്രകാശ് നായികും നിരീക്ഷിച്ചു. കുറ്റകൃത്യം ചെയ്യുമ്പോള് പുരോഹിത് ഡ്യൂട്ടിയിലല്ലാത്തതിനാല് വിചാരണയ്ക്ക് സൈന്യത്തിന്റെയോ കേന്ദ്രസര്ക്കാരിന്റെയോ അനുമതി തേടേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലെ നാസികിലെ മാലേഗാവില്‍ മുസ്ലീം പള്ളിക്ക് സമീപം 2008 സെപ്തംബർ 29നാണ് മോട്ടോർ സൈക്കിളിൽ സ്ഫോടനമുണ്ടായത്. അന്വേഷണത്തിൽ ബിജെപി നേതാവും എംപിയുമായ പ്രഗ്യാ സിങ് താക്കൂറിന്റെ പേരിലാണ് മോട്ടോർ ബൈക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി. പിന്നീട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസ് ഏറ്റെടുത്തു.
അഭിനവ് ഭാരത് എന്ന തീവ്രഹിന്ദുത്വ സംഘടനയാണ് സ്ഫോടനത്തിനുപിന്നിലെന്നാണ് കരുതുന്നത്. പുരോഹിതുമായി സംഘടനയ്ക്ക് അടുത്ത ബന്ധമുണ്ട്. 2008ല് അറസ്റ്റിലായ പുരോഹിതിന് 2017ലാണ് ജാമ്യം ലഭിച്ചത്. പ്രഗ്യാ സിങ് താക്കൂർ ഉൾപ്പെടെ ഏഴുപ്രതികളും നിലവിൽ ജാമ്യത്തിലാണ്.















