ന്യൂഡൽഹി
ഡൽഹിയിൽ ശൈത്യത്തോടൊപ്പം അന്തരീക്ഷ മലിനീകരണവും രൂക്ഷമായതോടെ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും കാർപൂളുകൾ ഉപയോഗിക്കണമെന്നും സർക്കാർ അഭ്യർഥന. അടുത്ത മൂന്നുദിവസവും മോശം വായുനിലവാരമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡൽഹിയിൽ പ്രവചിച്ചിരിക്കുന്നത്. ഞായർ രാവിലെ വായു നിലവാര സൂചിക മോശം വിഭാഗമായ 252 എക്യുഐ ആണ് രേഖപ്പെടുത്തിയത്.
നാലോ അഞ്ചോപേർ ചേർന്ന് ഒരു കാർ ഉപയോഗിക്കുന്നതാണ് കാർപൂളിങ്. വെള്ളിയാഴ്ച തലസ്ഥാന നഗര പ്രദേശങ്ങളിൽ നിർമാണ പൊളിക്കൽ പ്രവൃത്തികൾ തടഞ്ഞ് ഉത്തരവിറക്കിയിരുന്നു. അതോടാപ്പം കൽക്കരി, മറ്റ് അനധികൃത ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വ്യവസായശാലകളും അടച്ചിടാനും നിർദേശം നൽകി. ലംഘിക്കുന്നവരിൽനിന്ന് കനത്ത പിഴയാണ് ഈടാക്കുക. ആറുമാസം മുമ്പ് തന്നെ അനുവദനീയ ഇന്ധനങ്ങളിലേക്ക് മാറാൻ ഇവയ്ക്ക് നിർദേശം നൽകിയിരുന്നു. വൈദ്യുതി ഉൽപ്പാദനത്തിന് മാത്രമാണ് കൽക്കരിക്ക് ഇളവുള്ളത്.
പുതുവർഷം ഗതാഗതക്കുരുക്കിൽ
പുതുവർഷത്തെ ഡൽഹി നഗരം വരവേറ്റത് ആഘോഷമായി. ഇന്ത്യാഗേറ്റ് ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പ്രദേശങ്ങൾ ജനനിബിഡമായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആയിരക്കണക്കിന് പൊലീസുകാരെ രംഗത്തിറക്കിയിരുന്നുവെങ്കിലും ആഘോഷങ്ങൾക്ക് കുറവുണ്ടായില്ല. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ നടക്കുന്നതിനാൽ ഞായർ രാത്രി കർത്തവ്യപഥ് റോഡിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. കൊണാട്ട് പ്ലേയ്സ്, ഹൗസ് കാസ്, ചമ്പഗലി എന്നിവിടങ്ങളിലെ പബ്ബുകളിൽ ആയിരങ്ങള് എത്തി. ജനങ്ങൾ കൂട്ടത്തോടെ എത്തിയത് വൻ ഗതാഗതക്കുരുക്കിലേക്കും നഗരത്തെ നയിച്ചു.