ന്യൂഡൽഹി
വിലക്കയറ്റത്തോടൊപ്പം തൊഴിലില്ലായ്മയും രൂക്ഷമാകുന്നത് രാജ്യത്ത് ജനജീവിതം ദുസ്സഹമാകുന്നതിന്റെ സൂചന. കോവിഡ് അടച്ചിടലിനെ തുടർന്ന് 2020 ഏപ്രിലിൽ 23.5 ശതമാനം വരെയായി തൊഴിലില്ലായ്മ ഉയർന്നിരുന്നു. ഇത് ക്രമേണ താഴ്ന്ന് സെപ്തംബറിൽ 6.4 ശതമാനംവരെ എത്തി. എന്നാൽ, തുടർന്നുള്ള മാസങ്ങളിൽ വീണ്ടും കുതിച്ചുയർന്നു.
രൂക്ഷമായ തൊഴിലില്ലായ്മയെ തുടർന്ന് വിമർശങ്ങൾ ഉയർന്നതോടെ ഒഴിവുള്ള 10 ലക്ഷം സർക്കാർ തസ്തികകൾ 2023 അവസാനത്തോടെ നികത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ–- നവംബർ മാസങ്ങളിൽ രണ്ടു ഘട്ടമായി തൊഴിൽ മേള എന്നപേരിൽ 1.46 ലക്ഷം പേർക്ക് നിയമന ഉത്തരവ് കൊട്ടിഘോഷിച്ച് കൈമാറി. ഇതിലേറെയും ഗ്രൂപ്പ് സി, ഡി തസ്തികകളായിരുന്നു. എന്നാൽ, തൊഴിലില്ലായ്മ കുറയ്ക്കാൻ മോദിയുടെ തൊഴിൽ മേളകളും പര്യാപ്തമല്ലെന്ന് തെളിയിക്കുന്നതാണ് സിഎംഇഐ കണക്കുകൾ.