മുംബൈ
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ലക്ഷ്യംവച്ച് ബിസിസിഐയുടെ പദ്ധതി. ലോകകപ്പിന്റെ ഭാഗമായി 20 കളിക്കാർ ഉൾപ്പെട്ട ചുരുക്കപ്പട്ടികയുണ്ടാക്കി. ഈ വർഷം അവസാനമാണ് ലോകകപ്പ്. അതുവരെയും ഈ കളിക്കാർ നിരീക്ഷണത്തിലായിരിക്കും. മുംബൈയിൽ നടന്ന അവലോകനയോഗത്തിലായിരുന്നു തീരുമാനം. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ്ഷാ, പരിശീലകൻ രാഹുൽ ദ്രാവിഡ്, ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ വി വി എസ് ലക്ഷ്മൺ, ക്യാപ്റ്റൻ രോഹിത് ശർമ, സെലക്ഷൻ സമിതി ചെയർമാൻ ചേതൻ ശർമ എന്നിവർ പങ്കെടുത്തു.
ലോകകപ്പിനുള്ള ഒരുക്കമായിരുന്നു മുഖ്യ അജണ്ട. ഏഷ്യാ കപ്പിലെയും ട്വന്റി 20 ലോകകപ്പിലെയും തോൽവിയുടെ പശ്ചാത്തലത്തിൽ ഏകദിന ലോകകപ്പിന് മികച്ച ഒരുക്കമാണ് പദ്ധതിയിടുന്നത്. രവി ശാസ്ത്രി–-വിരാട് കോഹ്ലി ഘട്ടത്തിൽ നടപ്പാക്കിയ കളിക്കാരുടെ ശാരീരിക ക്ഷമതാ പരീക്ഷയായ യോ യോ ടെസ്റ്റ് വീണ്ടും കൊണ്ടുവരാനും യോഗത്തിൽ ധാരണയായി.
ലോകകപ്പിനായുള്ള ചുരുക്കപ്പട്ടികയിലുള്ള കളിക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഐപിഎൽ ടീം ഉടമകളുമായി ബോർഡ് ബന്ധപ്പെടും. ട്വന്റി 20 ലോകകപ്പുസമയത്ത് പേസർമാരായ ജസ്പ്രീത് ബുമ്രയുടെയും ദീപക് ചഹാറിന്റെയും പരിക്കുകൾ ടീമിനെ ക്ഷീണിപ്പിച്ചിരുന്നു. ഈ മാസം മൂന്നിന് ശ്രീലങ്കയുമായുള്ള ട്വന്റി 20 പരമ്പരയോടെയാണ് ഇന്ത്യൻ ടീം സീസൺ ആരംഭിക്കുന്നത്.















