കോഴിക്കോട്
സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ തുടർച്ചയായ മൂന്നാംജയവുമായി കേരളം. കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആന്ധ്രപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ കേരളം കരുത്തറിയിച്ചത്. മൂന്നുകളിയിൽനിന്ന് ഒമ്പത് പോയിന്റും 16 ഗോളുമായി കേരളം ഗ്രൂപ്പിൽ ഒന്നാമതാണ്.
തുടക്കംമുതൽ കളിയുടെ പൂർണനിയന്ത്രണം ഏറ്റെടുത്ത കേരളത്തിനുമുന്നിൽ ആന്ധ്ര കാഴ്ചക്കാരായി. ഗോളി സി മിഥുൻ മാറിനിന്ന കളിയിൽ ക്യാപ്റ്റൻസ്ഥാനം ഏറ്റെടുത്ത എം വിഘ്നേഷും നിജോ ഗിൽബർട്ടും കളംനിറഞ്ഞതോടെ ആന്ധ്ര പ്രതിരോധം പതറി. 16–-ാംമിനിറ്റിൽ കേരളം വല കുലുക്കി. മധ്യനിരയിൽനിന്ന് ഗിഫ്റ്റി സി ഗ്രേഷ്യസ് നൽകിയ ലോങ് പാസിൽനിന്ന് വിഘ്നേഷ് നൽകിയ ക്രോസ് നിജോ ഗിൽബർട്ട് ഗോളാക്കി. പിന്നാലെ രണ്ടാംഗോൾ പിറന്നു. നിജോ ഗിൽബർട്ടിന്റെ കോർണർ കിക്ക് മുഹമ്മദ് സലീം വലയിലാക്കി. ആദ്യപകുതി അവസാനിക്കാനിരിക്കെ മൂന്നാംഗോളും വന്നു. നിജോ ഗിൽബർട്ട് നൽകിയ മനോഹര പാസ് പകരക്കാരനായി ഇറങ്ങിയ അബ്ദുൾ റഹീം ഗോളാക്കി.
രണ്ടാംപകുതിയിൽ ആന്ധ്രയുടെ പതനം പൂർണമായി. ഗോളുറപ്പിച്ച നിരവധി അവസരങ്ങൾ കേരളം പാഴാക്കി. ഒടുവിൽ നിജോ ഗിൽബർട്ടിന്റെ കോർണർ കിക്കിൽ വിശാഖ് മോഹനൻ തലവച്ചതോടെ അടുത്ത ഗോളും പിറന്നു. അടുത്തഘട്ടത്തിൽ ക്യാപ്റ്റൻ വിഘ്നേഷ് പട്ടിക പൂർത്തിയാക്കി.
മറ്റൊരു മത്സരത്തിൽ മിസോറം ബീഹാറിനെ തോൽപ്പിച്ചു (3–-1). മൂന്നുകളിയും ജയിച്ച മിസോറമിനും ഒമ്പത് പോയിന്റുണ്ട്.ഇന്ന് പകൽ 3.30ന് ജമ്മു കശ്മീർ രാജസ്ഥാനെ നേരിടും. വെള്ളിയാഴ്ചയാണ് ഇനി കേരളത്തിന്റെ കളി. ജമ്മു കശ്മീരാണ് എതിരാളികൾ.