ന്യൂഡൽഹി
രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് പിന്തുണ പ്രഖ്യാപിച്ച് സ്പീക്കർക്ക് രാജിക്കത്ത് കൈമാറിയ കോൺഗ്രസ് എംഎൽഎമാർ തിടുക്കത്തിൽ അവ പിൻവലിച്ചുതുടങ്ങി. മൂന്നു മാസമായിട്ടും എംഎൽഎമാരുടെ രാജിയിൽ സ്പീക്കർ നടപടി എടുക്കാത്തത് ചോദ്യംചെയ്തുള്ള പൊതുതാൽപ്പര്യ ഹർജി തിങ്കളാഴ്ച രാജസ്ഥാൻ ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് കത്ത് പിൻവലിക്കാനുള്ള എംഎൽഎമാരുടെ നെട്ടോട്ടം. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ സെപ്തംബർ 25 നാണ് 91 കോൺഗ്രസ് എംഎൽഎമാർ സ്പീക്കർ സി പി ജോഷിയെ കണ്ട് രാജിക്കത്ത് കൈമാറിയത്.
ഗെലോട്ടിനെ കോൺഗ്രസ് പ്രസിഡന്റാക്കി പകരം പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഹൈക്കമാൻഡ് പദ്ധതി. എന്നാൽ, ഗെലോട്ട് പക്ഷ എംഎൽഎമാരുടെ അപ്രതീക്ഷിത നീക്കത്തെത്തുടർന്ന് ഹൈക്കമാൻഡ് പിൻവാങ്ങി. ഇതോടെ രാജിക്കത്ത് സ്പീക്കറുടെ കൈയിൽത്തന്നെ തുടർന്നു. രാജി സ്പീക്കർ പരിഗണിക്കാത്തത് ചോദ്യംചെയ്ത് പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോഡാണ് കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് എംഎൽഎമാർ രാജിക്കത്ത് പിൻവലിക്കാൻ കൂട്ടമായി എത്തുന്നത്.