ലണ്ടൻ
പുതുവർഷരാവിൽ അഴ്സണലിന് പുഞ്ചിരി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിലേക്കുള്ള വഴി തെളിഞ്ഞരിക്കുകയാണ് അഴ്സണലിന്. പുതിയ വർഷം തെളിയുമ്പോൾ പട്ടികയിൽ ഏഴ് പോയിന്റ് ലീഡായി. ബ്രൈറ്റണെ 4–-2ന് തകർത്തായിരുന്നു അഴ്സണലിന്റെ ആഘോഷം. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കും മൂന്നാമതുള്ള ന്യൂകാസിൽ യുണൈറ്റഡിനും സമനിലയിൽ ആശ്വാസം കണ്ടെത്തേണ്ടിവന്നു.
അഴ്സണൽ പരിശീലകൻ മൈക്കേൽ അർടേറ്റയുടെ മൂന്നാം സീസണാണിത്. 2004ലാണ് അവസാനമായി അഴ്സണൽ ലീഗ് ചാമ്പ്യൻമാരാകുന്നത്. പതിനാലാം കിരീടമാണ് ഇക്കുറി ലക്ഷ്യം.
ബ്രൈറ്റൺ അവസാനഘട്ടത്തിൽ രണ്ടെണ്ണം തിരിച്ചടിച്ചെങ്കിലും കളി പൂർണമായും അഴ്സണലിന്റെ ഭാഗത്തായിരുന്നു. ആദ്യ 50 മിനിറ്റിനുള്ളിൽ അവർ മൂന്ന് ഗോളിന് മുന്നിലെത്തി. കളി തുടങ്ങി 66–-ാംസെക്കൻഡിൽ ബുകായോ സാക്ക അവർക്ക് ലീഡൊരുക്കി. മാർട്ടിൻ ഒദെഗാർദും എഡ്ഡി എൻകെട്ടിയയും ചേർന്ന് ഗോൾനേട്ടം മൂന്നാക്കി ഉയർത്തി. ഇതിനിടെ കൗറു മിതോമ ഒരെണ്ണം മടക്കിയെങ്കിലും ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഗോളിൽ അഴ്സണൽ ഗോളെണ്ണം കൂട്ടി. ഫെർഗൂസനാണ് ബ്രൈറ്റന്റെ രണ്ടാംഗോൾ നേടിയത്.
സിറ്റി സ്വന്തം തട്ടകത്തിലാണ് എവർട്ടണോട് സമനില വഴങ്ങിയത് (1–-1). എർലിങ് ഹാലണ്ടിലൂടെ ലീഡ് നേടിയ സിറ്റിയെ രണ്ടാംപകുതിയിൽ ഡെമറായ് ഗ്രായിയുടെ ഗോളിൽ എവർട്ടൺ പിടിച്ചുകെട്ടി. ലീഗിൽ ഹാലണ്ട് സീസണിൽ 21–-ാംഗോളാണ് തൊടുത്തത്. മൂന്നാമതുള്ള ന്യൂകാസിൽ ലീഡ്സിനോട് ഗോൾരഹിതമായി കുരുങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡ് പകരക്കാരനായെത്തിയ മാർകസ് റാഷ്ഫഡിന്റെ ഗോളിൽ വൂൾവ്സിനെ കീഴടക്കി. അച്ചടക്കനടപടി കാരണം റാഷ്ഫഡിനെ യുണൈറ്റഡ് പരിശീലകൻ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയിരുന്നില്ല. അഴ്സണലിന് 16 കളിയിൽ 43 പോയിന്റാണ്. സിറ്റിക്ക് 36ഉം ന്യൂകാസിലിന് 34ഉം. നാലാമതുള്ള യുണൈറ്റഡിന് 32 പോയിന്റ്.















