ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ നോട്ട് അസാധുവാക്കൽ പ്രഖ്യാപനം ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റിസുമാരായ എസ് അബ്ദുൾനസീർ, ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ, ബി വി നാഗരത്ന എന്നിവരുൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ജസ്റ്റിസ് ബി ആർ ഗവായ് ആണ് വിധിയെഴുതിയിട്ടുള്ളത്. ഏകകണ്ഠമായ വിധിയെന്നാണ് സൂചന. ബെഞ്ചിലെ സീനിയറായ ജസ്റ്റിസ് നസീറിന്റെ അവസാന പ്രവൃത്തിദിവസമാണ് തിങ്കളാഴ്ചയെന്ന പ്രത്യേകതയുമുണ്ട്. ജസ്റ്റിസ് നസീർ ചൊവ്വാഴ്ച വിരമിക്കും.
ഡിസംബർ ഏഴിനാണ് വാദം പൂർത്തിയായി കേസ് വിധി പറയാനായി മാറ്റിയത്. പി ചിദംബരം, പ്രശാന്ത് ഭൂഷൺ, ശ്യാം ദിവാൻ തുടങ്ങിയ അഭിഭാഷകരാണ് ഹർജിക്കാർക്കായി ഹാജരായത്. നോട്ട് അസാധുവാക്കൽ തീരുമാനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കോടതി സർക്കാരിനും റിസർവ് ബാങ്കിനും നിർദേശം നൽകിയിരുന്നു. നോട്ട് റദ്ദാക്കൽ നടപടി ആറുവർഷം പിന്നിട്ടതിനാൽ കേസിൽ അക്കാദമിക് താൽപ്പര്യമാകും മുഖ്യമെന്ന് കോടതി തുടക്കത്തിൽ നിരീക്ഷിച്ചിരുന്നെങ്കിലും പിന്നീട് എങ്ങനെയാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്ന കാര്യത്തിൽ പരിശോധനയുണ്ടാകുമെന്ന് വ്യക്തമാക്കി. ഭാവിയിൽ ഇത്തരം അബദ്ധങ്ങൾ ഒഴിവാക്കുംവിധം ഒരു മാനദണ്ഡത്തിന് രൂപംനൽകണമെന്ന് ചിദംബരവും വാദിച്ചു.