ന്യൂഡൽഹി
ഏറ്റുമുട്ടലുണ്ടായാൽ ആക്രമിക്കുന്നതിൽനിന്ന് ഒഴിവാക്കിനിർത്തേണ്ട ആണവനിലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പട്ടിക ഇന്ത്യയും പാകിസ്ഥാനും ഞായറാഴ്ച പരസ്പരം കൈമാറി. ഇതോടൊപ്പം ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന പാകിസ്ഥാൻകാരുടെയും പാക് ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെയും പട്ടികയും കൈമാറി. ആണവസ്ഥാപനങ്ങളുടെ പട്ടിക പരസ്പരം കൈമാറുന്നത് 1992 മുതൽ തുടർന്നുവരുന്നതാണ്.
ആണവനിലയങ്ങളെയും സ്ഥാപനങ്ങളെയും ആക്രമിക്കുന്നത് വിലക്കിയുള്ള കരാറിൽ 1988 ഡിസംബർ 31നാണ് ഇരുരാജ്യവും ഒപ്പുവച്ചത്. 1991 ജനുവരി 27ന് കരാർ നിലവിൽ വന്നു. തുടർന്ന് 1992 ജനുവരി ഒന്നിന് ആദ്യമായി പട്ടിക കൈമാറി. എല്ലാ വർഷവും ജനുവരി ഒന്നിന് പുതുക്കിയ പട്ടിക കൈമാറണമെന്നാണ് കരാറിലെ വ്യവസ്ഥ. തടവുകാർക്ക് കോൺസുലാർ സഹായം ലഭ്യമാക്കുന്നതിനായി 2008 ജനുവരിയിൽ ഒപ്പിട്ട കരാർപ്രകാരമാണ് തടവുകാരുടെ വിവരങ്ങൾ പരസ്പരം കൈമാറുന്നത്. വർഷം രണ്ടുവട്ടമാണ് ഈ പട്ടികയുടെ കൈമാറ്റം. ജനുവരി ഒന്നിനും ജൂലൈ ഒന്നിനും.
പാക് ജയിലുകളിൽ 51 ഇന്ത്യൻ സിവിലിയരും 654 ഇന്ത്യൻ മത്സ്യത്തൊഴിലാളികളുമുണ്ട്. ഇന്ത്യൻ ജയിലുകളിൽ 339 പാക് സിവിലിയരും 95 പാക് മത്സ്യത്തൊഴിലാളികളുമുണ്ട്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയതിനുശേഷവും ജയിലിൽ കഴിയുന്ന 631 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും രണ്ട് സിവിലിയരെയും എത്രയും വേഗം വിട്ടയക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. 30 മത്സ്യത്തൊഴിലാളികൾക്കും 22 സിവിലിയൻ തടവുകാർക്കും കോൺസുലാർ സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.