തിരുവനന്തപുരം
കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം ചൊവ്വാഴ്ച ആലപ്പുഴയിൽ ആരംഭിക്കും. 1.70 ലക്ഷം അംഗങ്ങളെ പ്രതിനിധാനംചെയ്ത് 498 പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ അറിയിച്ചു.
ചൊവ്വാഴ്ച വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പതാക ജാഥയും കൊടിമര, ദീപശിഖ ജാഥകൾ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിക്കും. ഇ എം എസ് സ്റ്റേഡിയത്തിൽ പി സരസപ്പൻ നഗറിൽ ജാഥകൾ സംഗമിക്കും. സ്വാഗതസംഘം ചെയർമാൻ ആർ നാസർ പതാക ഉയർത്തും. ബുധൻ രാവിലെ 9.30ന് മുനിസിപ്പൽ ടൗൺ ഹാളിൽ വി വി രോഹിണിക്കുട്ടി നഗറിൽ പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്യും. നെടുവത്തൂർ സുന്ദരേശൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ കെ ഹരിക്കുട്ടൻ വരവുചെലവ് കണക്കും അവതരിപ്പിക്കും.
വ്യാഴാഴ്ച പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് നാലിന് നഗരചത്വരത്തിൽനിന്ന് തൊഴിലാളി പ്രകടനം ആരംഭിക്കും. പി സരസപ്പൻ നഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സി എസ് സുജാത, സജി ചെറിയാൻ തുടങ്ങിയവർ സംസാരിക്കും.
പരമ്പരാഗത തൊഴിൽ വിഭാഗങ്ങളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ പര്യാപ്തമായ അഖിലേന്ത്യാ തൊഴിൽ നിയമനിർമാണത്തിന് തയ്യാറല്ലാത്ത കേന്ദ്ര സർക്കാർ നിലപാട് സമ്മേളനത്തിന്റെ ചർച്ചാ വിഷയമാകുമെന്ന് നെടുവത്തൂർ സുന്ദരേശൻ പറഞ്ഞു. ആർട്ടിസാൻസ് വിഭാഗത്തിനായി പ്രത്യേക വകുപ്പും മന്ത്രാലയവും രൂപീകരിക്കണം. പുതിയ തൊഴിൽ കോഡുകൾ ഉയർത്തുന്ന വെല്ലുവിളികളും ചർച്ച ചെയ്യും. ആർട്ടിസാൻസ് തൊഴിൽ വിഭാഗത്തിനോട് അനുഭാവപൂർവമായ സമീപനം സ്വീകരിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരായ പൊള്ളയായ പ്രചാരണങ്ങൾ പൊതുസമൂഹത്തിൽ തുറന്നുകാട്ടാനുള്ള ചർച്ചകളും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.