ന്യൂഡൽഹി
ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ മാർഗനിർദേശമിറക്കി ഇപിഎഫ്ഒ. ഇതുസംബന്ധിച്ച് വ്യാഴം രാത്രി റീജണൽ ഓഫീസുകൾക്ക് നിർദേശമെത്തി. ഇപിഎഫിന്റെ വേതന പരിധി 5000–-6500 രൂപ ആയിരുന്ന ഘട്ടത്തിൽ യഥാർഥ വേതനം കണക്കാക്കാതെ പരിധിക്ക് ആനുപാതികമായ വിഹിതം അടച്ചവർക്ക് ഉയർന്ന പെൻഷനുള്ള ഓപ്ഷൻ നൽകാം. തൊഴിലുടമയും ജീവനക്കാരനും ജോയിന്റ് ഓപ്ഷൻ നൽകിയിട്ടുണ്ടെങ്കിൽ അവർക്ക് അപേക്ഷ സമർപ്പിക്കാം. ഉയർന്ന പെൻഷൻ കിട്ടുന്നതിനുള്ള ഓപ്ഷൻ ഏതെങ്കിലും കാരണത്താൽ പിഎഫ് അധികൃതർ നിരാകരിച്ചിട്ടുള്ളവർക്കും റീജണൽ ഓഫീസുകളിൽ അപേക്ഷ നൽകാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
അപേക്ഷയോടൊപ്പം തൊഴിലുടമയും ജീവനക്കാരനും സാക്ഷ്യപ്പെടുത്തിയ ഓപ്ഷന്റെ രേഖ, ഇപിഎഫ്ഒ അപേക്ഷ നിരാകരിച്ചതിന്റെ രേഖ തുടങ്ങിയവ സമർപ്പിക്കണം. അപേക്ഷകൾ റീജണൽ പിഎഫ് കമീഷണർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം. അപേക്ഷകൾ ഡിജിറ്റൽ ഫയലായി സൂക്ഷിച്ച് രസീത് അപേക്ഷകനും നൽകണം. ഓരോ ആഴ്ചയിലും സോണൽ ഓഫീസിന് അപേക്ഷകളുടെ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് നൽകണം. നവംബർ നാലിന് വന്ന കോടതി ഉത്തരവ് നടപ്പാക്കാൻ വൈകുന്നതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. പാർലമെന്റിൽ പ്രതിപക്ഷവും കടുത്ത സമ്മർദം ഉയർത്തിയിരുന്നു.