പാരിസ്
ലോകകപ്പിനുശേഷം അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് നടത്തിയ ആക്ഷേപങ്ങൾക്ക് മറുപടി പറയാനില്ലെന്ന് ഫ്രഞ്ച് മുന്നേറ്റതാരം കിലിയൻ എംബാപ്പെ. ഇത്തരം നിസ്സാര കാര്യങ്ങൾക്കുവേണ്ടി ഊർജം കളയാനില്ലെന്നായിരുന്നു എംബാപ്പെയുടെ പ്രതികരണം. ഫൈനലിനുശേഷം അർജന്റീനയുടെ ഡ്രസിങ് റൂമിൽവച്ച് എംബാപ്പെക്കുവേണ്ടി മാർട്ടിനെസ് മൗനം ആചരിച്ചിരുന്നു. പിന്നാലെ അർജന്റീനയിൽ നടന്ന ആഘോഷങ്ങൾക്കിടെ എംബാപ്പെയുടെ മുഖം ഒട്ടിച്ച പാവയെടുത്ത് പരിഹസിക്കുകയും ചെയ്തു. ‘ആഘോഷങ്ങൾ എനിക്ക് വിഷയമല്ല, ഇത്തരം കാര്യങ്ങളിൽ എന്റെ ഊർജം കളയാൻ താൽപ്പര്യവുമില്ല’ –- എംബാപ്പെ വ്യക്തമാക്കി.
അതേസമയം മെസിയുമായി ഒരുതരത്തിലും അസ്വാരസ്യമില്ലെന്നും ഈ ഇരുപത്തിനാലുകാരൻ പറഞ്ഞു. ‘മത്സരശേഷം ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു’ –-എംബാപ്പെ പറഞ്ഞു.