ന്യൂഡൽഹി
രാജ്യത്ത് എവിടെനിന്നും സ്വന്തംമണ്ഡലത്തിലെ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. വിദൂരനിയന്ത്രിത ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലൂടെ വോട്ട് ചെയ്യാനുള്ള കരട് നിർദേശം കമീഷൻ പുറത്തുവിട്ടു. ഒരേസമയം 72 മണ്ഡലത്തിലെ വോട്ടെടുപ്പിന് ഉപയോഗിക്കാവുന്ന വോട്ടിങ് യന്ത്രം രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിന്റെ പങ്കാളിത്തത്തോടെ വികസിപ്പിച്ചു. ജനുവരി 16ന് പാർടിപ്രതിനിധികൾക്കു മുന്നിൽ പ്രവർത്തനം വിശദീകരിക്കും. പരിഷ്കരണത്തിൽ 31നകം പാർടികൾ അഭിപ്രായം അറിയിക്കണം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടപ്പാക്കിയേക്കും.
സ്ഥിരംവിലാസമുള്ള സ്ഥലത്തെ വോട്ടർപട്ടികയിലുള്ളവർക്കാണ് പ്രയോജനം ലഭിക്കുക. തപാൽ വോട്ട്, പകരക്കാരൻവഴി വോട്ട്, ബൂത്തുകളിൽ മുൻകൂർ വോട്ട്, ഇന്റർനെറ്റ് സംവിധാനംവഴി വോട്ട്, ഇലക്ട്രോണിക് സംവിധാനംവഴി ബാലറ്റിൽ വോട്ട് രേഖപ്പെടുത്തി അയക്കൽ തുടങ്ങിയവ പരിശോധിച്ചാണ് വിദൂര നിയന്ത്രിത വോട്ടിങ് യന്ത്രത്തിലേക്ക് എത്തിയതെന്ന് കമീഷൻ വ്യക്തമാക്കി.
പരിഷ്കരണം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. പ്രാദേശിക രാഷ്ട്രീയ പാർടികളെ പ്രതികൂലമായി ബാധിക്കും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം അഖിലേന്ത്യ ശരാശരി 67.4 ആണ്. വോട്ട് ചെയ്യാതിരുന്ന 30 കോടിയോളം പേരിൽ വലിയവിഭാഗം ആഭ്യന്തര കുടിയേറ്റക്കാരാണ്. തൊഴിൽ, വിദ്യാഭ്യാസം, വിവാഹം എന്നിവയുടെ ഭാഗമായാണ് കുടിയേറ്റങ്ങളിൽ ഭൂരിപക്ഷവുമെന്ന് കമീഷൻ പറയുന്നു. 85 ശതമാനത്തോളം കുടിയേറ്റവും അതത് സംസ്ഥാന അതിർത്തിക്കുള്ളിലാണ്. എന്നാൽ, ആഭ്യന്തര കുടിയേറ്റത്തിന്റെ കൃത്യമായ കണക്ക് കേന്ദ്രസർക്കാരിന്റെ കൈവശമില്ല. നിയമപരവും ഭരണപരവും സാങ്കേതികവുമായ വെല്ലുവിളികൾ മറികടന്നാലേ പരിഷ്കാരം യാഥാർഥ്യമാകൂവെന്നും കമീഷൻ അറിയിച്ചു.
പരിഷ്കാരം അതിസങ്കീർണം
തെരഞ്ഞെടുപ്പ് കമീഷന്റെ പരിഷ്കാരം തിരക്കിട്ട് നടപ്പാക്കുന്നത് പ്രശ്നങ്ങൾക്ക് ഇടയാക്കും. നിയമപരവും ഭരണപരവും സാങ്കേതികവുമായ വെല്ലുവിളികളുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷനും സമ്മതിക്കുന്നു. പ്രാദേശിക പാർടികൾക്ക് എല്ലായിടങ്ങളിലും ബൂത്ത് ഏജന്റുമാരെ ലഭ്യമാക്കാൻ കഴിയില്ല. കമീഷൻ അംഗീകരിച്ചവയിൽ എട്ട് ദേശീയ പാർടിയും 57 സംസ്ഥാന പാർടിയുമുണ്ട്.
നിയമപരമായ
വെല്ലുവിളികൾ
● 1950, 1951 ജനപ്രാതിനിധ്യനിയമം, തെരഞ്ഞെടുപ്പ് നടപടിക്രമ ചട്ടങ്ങൾ (1961), വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങൾ (1960) എന്നിവ ഭേദഗതി ചെയ്യണം.
● കുടിയേറ്റ വോട്ടറെ കൃത്യമായി നിർവചിക്കണം (പോളിങ് ദിനത്തിലെ യാത്രമുതൽ സ്ഥിരം മാറിനിൽക്കൽവരെ പരിഗണിക്കേണ്ടിവരും).
● കുടിയേറ്റ വോട്ടറുടെ നിലവിലെ വിലാസം സ്ഥിരീകരിക്കുകയും താൽക്കാലികമായി മാറിനിന്നതല്ല എന്ന് ഉറപ്പാക്കുകയും ചെയ്ത് സ്ഥിരം രജിസ്ട്രേഷൻ അനുവദിക്കല്
● മണ്ഡലത്തിനു പുറത്ത്, ജില്ല, സംസ്ഥാനം എന്നിങ്ങനെ വിദൂര വോട്ടിങ് നിർവചിക്കണം.
ഭരണപരമായ
വെല്ലുവിളികൾ
● വോട്ട് ചെയ്യുന്നവരുടെ കണക്കെടുപ്പ്
● വിദൂര കേന്ദ്രങ്ങളിൽ വോട്ടെടുപ്പിന്റെ രഹസ്യാത്മകത
● ബൂത്ത് ഏജന്റുമാരെ കണ്ടെത്തൽ, ആൾമാറാട്ടം തടയൽ
● ബൂത്തുകൾ സ്ഥാപിക്കൽ, പോളിങ് ഉദ്യോഗസ്ഥ വിന്യാസം
● മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കൽ, വോട്ടെടുപ്പ് പല തീയതികളിലാകുമെന്നതിനാൽ പരസ്യപ്രചാരണ സമയപരിധി നടപ്പാക്കൽ.
സാങ്കേതിക
വെല്ലുവിളികൾ
● വിദൂര നിയന്ത്രിത സംവിധാനത്തിൽ വോട്ടെടുപ്പിന്റെ രീതി.
● സാങ്കേതിക വിദ്യ വോട്ടർമാരെ പരിചയപ്പെടുത്തൽ.
● വോട്ടെണ്ണൽ വിവരങ്ങൾ മറ്റു സംസ്ഥാനങ്ങളിലെ റിട്ടേണിങ് ഓഫീസർമാരെ അറിയിക്കൽ.