കൊച്ചി
സ്കൂൾ കലോത്സവങ്ങളെ ആർഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാക്കരുതെന്ന് ഹൈക്കോടതി. ദരിദ്ര ചുറ്റുപാടുകളിൽനിന്നുള്ള, കഴിവുള്ള പല കുട്ടികൾക്കും കലോത്സവങ്ങളിലെ ഭാരിച്ച ചെലവുകൾ താങ്ങാനാകില്ല. ഇക്കാര്യം അപ്പീലുകളുമായി കോടതിയിലെത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ മനസ്സിലാക്കണം.
കലോത്സവ വിധിനിർണയത്തിലെ അപാകം, വേദിയിലെയും ശബ്ദസംവിധാനത്തിലെയും തടസ്സം തുടങ്ങിയവമൂലം ജില്ലാ കലോത്സവങ്ങളിൽ ഗ്രേഡ് കുറഞ്ഞെന്ന് ആരോപിച്ചുള്ള അപ്പീൽ ഹർജികളിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ നിരീക്ഷണം. പരാജയം ഉൾക്കൊള്ളാനും രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണം. രക്ഷിതാക്കളുടെ അനാവശ്യ ഉൽക്കണ്ഠ കുട്ടികളെ വിഷാദരോഗത്തിന് അടിമയാക്കും. ഇത്തരത്തിലുള്ള അപ്പീലുകൾ പരിഗണിക്കുന്നതിലുള്ള നിയമതടസ്സം ചൂണ്ടിക്കാട്ടിയ കോടതി ഹർജി തള്ളി.
വേദിയുടെ നിരപ്പല്ലാത്ത പ്രതലം, കുഴികൾ, സേഫ്റ്റി പിൻ, കുപ്പിവളകളുടെ പൊട്ടിയ ഭാഗം തുടങ്ങിയവ മത്സരാർഥികൾക്ക് തടസ്സമുണ്ടാക്കുന്നുവെന്ന് പരാതികൾ ലഭിച്ചതായി കോടതി വ്യക്തമാക്കി. മത്സരാർഥികൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായാൽ സംഘാടകർ നിയമനടപടി നേരിടേണ്ടിവരും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള നടപടികളും സ്വീകരിക്കാം.
ഇതുസംബന്ധിച്ച് പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. സർക്കാരും വിദ്യാഭ്യാസവകുപ്പും ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും കലോത്സവ മാന്വലിൽ ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.