ന്യൂഡൽഹി
ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം ശേഷിക്കെ ബിജെപിയിൽനിന്ന് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ആദിവാസി വിഭാഗത്തിൽനിന്നുള്ള മുതിർന്ന നേതാവും നാലുവട്ടം എംഎൽഎയുമായ ദിബചന്ദ്ര റാൻഖോൾ ബിജെപിയിൽനിന്ന് രാജിവച്ചു. നിയമസഭാ സെക്രട്ടറിയെ കണ്ട് എംഎൽഎസ്ഥാനം രാജിവച്ചുള്ള കത്തും കൈമാറി. സ്പീക്കർ സ്ഥലത്തില്ലാത്തതിനാലാണ് നിയമസഭാ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി.
വടക്കൻ ത്രിപുരയിലെ ഉനകോടി ജില്ലയിൽ കരംചെര മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ദിബചന്ദ്ര. മൂന്നുവട്ടം കോൺഗ്രസ് ടിക്കറ്റിലും 2018ൽ ബിജെപി സ്ഥാനാർഥിയായും ദിബചന്ദ്ര ജയിച്ചു. 66കാരനായ ദിബചന്ദ്ര 2016ൽ മറ്റ് അഞ്ച് കോൺഗ്രസ് എംഎൽഎമാർക്കൊപ്പം തൃണമൂലിൽ ചേക്കേറിയശേഷമാണ് ബിജെപിയിൽ ചേർന്നത്.
ത്രിപുരയിൽ ബിജെപി വിടുന്ന അഞ്ചാമത് എംഎൽഎയാണ് ദിബചന്ദ്ര. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയിൽനിന്ന് മൂന്ന് എംഎൽഎമാരും രാജിവച്ചിരുന്നു.ആഷിഷ് ദാസാണ് ആദ്യം ബിജെപി വിട്ട എംഎൽഎ. ബിജെപി സർക്കാരിൽ മന്ത്രിയായിരുന്ന സുധീപ് റോയ് ബർമനും ആഷിഷ് സാഹയും രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ബർമൻ അഗർത്തല ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് എംഎൽഎയായി. ബിജെപി എംഎൽഎ ബുർബുമോഹനും മൂന്ന് ഐപിഎഫ്ടി എംഎൽഎമാരും തിപ്ര മോത പാർടിയിൽ ചേർന്നു.