വാഷിങ്ടൺ
ഹിമപാതത്തിലും ശീതക്കൊടുങ്കാറ്റിലും വിറങ്ങലിച്ച് അമേരിക്ക. ഹിമകെടുതികളില് ഇതിനോടകം 62 പേർ മരിച്ചു. സര്‍വ്വമേഖലയും സ്തംഭിച്ചതോടെ ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായി അറിയപ്പെടുന്ന ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്ക്കില്മാത്രം മരണം 28 ആയി. ഇതിനുമുമ്പ് കനത്ത മഞ്ഞുവീഴ്ച രേഖപ്പെടുത്തിയ 1977ൽ ന്യൂയോർക്കിൽ 25 പേരായിരുന്നു മരിച്ചത്. ന്യൂയോര്‍ക്കിലെ ബഫലോ മേഖലയിലാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ആയിരങ്ങള്‍ വൈദ്യുതിയും മറ്റ് സൗകര്യങ്ങളുമില്ലാതെ കഷ്ടപ്പെടുന്നത്. ബഫലോ മേഖലയിൽമാത്രം ഇരുപതിനായിരം പേർക്ക് ദിവസങ്ങളായി വൈദ്യുതി അന്യമാണ്. ഫ്ലോറിഡ, ജോര്‍ജിയ, ടെക്സസ്, വിസ്കോന്‍സിന്‍, മിഷിഗന്‍ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരം.
കാറുകളിൽ തണുത്തുറഞ്ഞ് മൃതദേഹങ്ങൾ
മഞ്ഞുമൂടിക്കിടക്കുന്ന വാഹനങ്ങളുടെ അകത്തുനിന്നാണ് പല മൃതദേഹങ്ങളും ലഭിച്ചത്. ആയിരക്കണക്കിന് വാഹനങ്ങൾ റോഡുകളിൽ കുടുങ്ങി. ശീതക്കാറ്റ്മൂലം ക്രിസ്മസ് അവധിക്കാലത്ത് പലർക്കും വീടുകളിൽ എത്താനായില്ല. വൈദ്യുതിവിതരണം താളം തെറ്റിയതോടെ വീടുകൾക്കകത്ത് താപനില കുറയുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
താറുമാറായി ഗതാഗതം
പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ റെയിൽ, റോഡ്, വ്യോമ ഗതാഗതംതാളം തെറ്റി. ഒറ്റദിനം മാത്രം 4900 വിമാനം റദ്ദാക്കി. 4400 വിമാനം വൈകി. വിമാനത്താവളങ്ങളിൽത്തന്നെ തങ്ങേണ്ട സ്ഥിതിയാണ് യാത്രക്കാർക്ക്. അമ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ മഞ്ഞുമൂടിക്കിടക്കുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് പലയിടത്തും എത്തിച്ചേരാനാകുന്നില്ല.
ദുരന്തത്തിനിടെ മോഷണം
മഞ്ഞുവീഴ്ചയുടെ മറവിൽ വ്യാപക മോഷണം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മഞ്ഞുവീഴ്ച ശക്തമായ ബഫലോയിൽ മോഷണശ്രമം നടത്തിയ നാല് പേരെ അറസ്റ്റ് ചെയ്തതായി ബഫലോ പൊലീസ് കമീഷണർ ജോസഫ് ഗ്രഗ്മലിയ പറഞ്ഞു. റോഡ് ഗതാഗതം ശരിയാകാത്തതിനാൽ പലയിടത്തും പൊലീസിന് എത്താനാകുന്നില്ല.
3 ഇന്ത്യക്കാർ മരിച്ചു
അമേരിക്കയിലെ അരിസോണയിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടയിൽ വീണ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാർ മരിച്ചു. തിങ്കൾ വൈകിട്ട് അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്സ് കാന്യോൺ തടാകത്തിലാണ് സംഭവം. ആന്ധ്ര സ്വദേശികളായ നാരായണ മുദ്ദന (49), ഭാര്യ ഹരിത മുദ്ദന, കുടുംബസുഹൃത്ത് ഗോകുൽ മെഡിസെറ്റി (47) എന്നിവരാണ് മരിച്ചത്.