ന്യൂഡൽഹി
അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ (എഐഎഡബ്ല്യുയു) പത്താം അഖിലേന്ത്യ സമ്മേളനം ബംഗാളിലെ ഹൗറയിൽ ഫെബ്രുവരി 15 മുതൽ 18 വരെ നടക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മഹാറാലിയിൽ അദ്ദേഹം മുഖ്യാതിഥിയാകുമെന്ന് പ്രസിഡന്റ് എ വിജയരാഘവൻ പറഞ്ഞു.
20 സംസ്ഥാനങ്ങളിൽനിന്ന് 650 പ്രതിനിധികൾ പങ്കെടുക്കും. എ വിജയരാഘവൻ, ജനറൽ സെക്രട്ടറി ബി വെങ്കട്, വൈസ് പ്രസിഡന്റ് എം വി ഗോവിന്ദൻ, ജോയിന്റ് സെക്രട്ടറി വിക്രംസിങ് എന്നിവർ ചേർന്ന് സമ്മേളന ലോഗോ പ്രകാശിപ്പിച്ചു.
ഗ്രാമീണ ജനതയുടെയും കർഷകത്തൊഴിലാളികളുടെയും ദുരിതം ബിജെപി സർക്കാർ ഇരട്ടിയാക്കി. 2021ൽ രാജ്യത്ത് 5563 കർഷകത്തൊഴിലാളികൾ ആത്മഹത്യ ചെയ്തു. കർഷകത്തൊഴിലാളി ക്ഷേമത്തിനായി കേന്ദ്രസർക്കാർ നിയമം പാസാക്കാൻ വിസമ്മതിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം സമൂഹത്തിൽ കൂടുതൽ വിഭജനം സൃഷ്ടിക്കുകയാണ് ബിജെപി. സമ്മേളനം ഇക്കാര്യങ്ങൾ ഗൗരവമായി ചർച്ച ചെയ്യുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.