ദുബായ് > യുഎഇയിൽ പരക്കെ കനത്ത മഴ. മൂടിക്കെട്ടിയ കാലാവസ്ഥ തുടരുന്നതിനാൽ രാജ്യത്തിന്റെ മിക്കയിടങ്ങളിലും അധികൃതർ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. പ്രവചനാതീതമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അത്യാവശ്യങ്ങൾക്ക് മാത്രമായി യാത്ര പരിമിതപ്പെടുത്തണമെന്നും, തികഞ്ഞ ജാഗ്രത പുലർത്തി ട്രാഫിക് നിയമങ്ങൾ കർശനമായി പാലിച്ച് വാഹനങ്ങൾ ഓടിക്കണമെന്നും ഡ്രൈവർമാരോട് അധികൃതർ അഭ്യർത്ഥിച്ചു.
മഴക്കെടുതി കൂടുതലായി അനുഭവപ്പെടാൻ സാധ്യതയുള്ള വടക്കൻ പ്രദേശങ്ങളിലെ ജനങ്ങൾ പ്രത്യേകം ജാഗ്രത പാലിക്കണം എന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വടക്കൻ മേഖലകളിൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കനത്ത മഴയാണ് ലഭിക്കുന്നത്. കനത്ത മഴയുടെ സാഹചര്യത്തിൽ ഷാർജയിലെ എല്ലാ പാർക്കുകളും തിങ്കളാഴ്ച മുതൽ താൽക്കാലികമായി അടച്ചിടുവാൻ ഷാർജ മുനിസിപ്പാലിറ്റി നിർദേശം നൽകി. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിലും വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലും റെയിൻ എമർജൻസി ടീമുകളുടെ പ്രത്യേക സേവനം വിന്യസിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഷാർജയിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇതുമൂലം വൻ ഗതാഗതക്കുരുക്കാണ് റോഡിൽ അനുഭവപ്പെടുന്നത്.
മഴയെ തുടർന്ന് രാജ്യത്തിൻറെ മിക്ക സ്ഥലങ്ങളിലും അന്തരീക്ഷ താപനില ശരാശരി 19 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെ എത്തി. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പർവതനിരകളിൽ ഒന്നായ റാസൽഖൈമയിലെ ജബൽ ജയ്സിൽ അന്തരീക്ഷ താപനില 6.4 ഡിഗ്രി സെൽഷ്യസ് വരെ എത്തി. തണുപ്പുള്ള കാലാവസ്ഥ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് പലരും തുറസ്സായ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കിയിരിക്കുകയാണ്. ഗ്ലോബൽ വില്ലേജ് പോലെയുള്ള സ്ഥലങ്ങളിലേക്കുള്ള സന്ദർശനത്തെ കാലാവസ്ഥ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. മഴ മൂലം ട്രാഫിക്കിൽ കുടുങ്ങി ഓഫീസിൽ സമയത്തിന് എത്താൻ ബുദ്ധിമുട്ടുന്ന മേഖലകളിൽ വർക്ക് ഫ്രം ഹോം സംവിധാനം ചില കമ്പനികൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ മഴ പെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.