ന്യൂഡൽഹി
വന്യജീവി സങ്കേതങ്ങൾക്കും സംരക്ഷിത ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ നിർബന്ധമാക്കിയ ഉത്തരവിൽ ഇളവ് തേടി കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയിൽ കക്ഷി ചേരാൻ കേരളം അപേക്ഷ നൽകും.
അന്തിമവിജ്ഞാപനങ്ങൾ ഇറങ്ങിയ മേഖലകൾക്ക് ബഫർസോൺ വിധി നടപ്പാക്കുന്നതിൽനിന്ന് ഇളവ് അനുവദിക്കണമെന്നാണ് കേന്ദ്രത്തിന്റെ ഹർജിയിലെ പ്രധാന ആവശ്യം. ജനുവരി രണ്ടിനോ മൂന്നിനോ സർക്കാർ കക്ഷിചേരാൻ അപേക്ഷ നൽകും. നേരത്തേ വിധി സമ്പൂർണമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
കരട്, അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള മേഖലകൾക്ക് പുറമേ സർക്കാർ പരിഗണനയിലുള്ള, വിജ്ഞാപനങ്ങളിൽ ഉൾപ്പെടുന്ന മേഖലകൾക്കുകൂടി വിധി നടപ്പാക്കുന്നതിൽനിന്ന് ഇളവ് അനുവദിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ 17 വന്യജീവി സങ്കേതത്തിന്റെയും ആറ് ദേശീയ ഉദ്യാനത്തിന്റെയും ബഫർസോൺ ശുപാർശകൾ തയ്യാറാക്കി പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. പെരിയാർ ദേശീയ ഉദ്യാനം, പെരിയാർ വന്യജീവി സങ്കേതം ഒഴിച്ചുള്ളവയുടെ കാര്യത്തിൽ കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.