ന്യൂഡൽഹി
സർക്കാർ സ്കൂളിൽ ഭക്ഷ്യവിഷബാധയേറ്റ 15 പെൺകുട്ടികളെ ചികിത്സിക്കാൻ മന്ത്രവാദിയെ വിളിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് ദേശീയ മനുഷ്യാവകാശ കമീഷൻ നോട്ടീസ് അയച്ചു. അവശരായ കുട്ടികളെ ആശുപത്രിയിൽ കൊണ്ടുപോകാതെയാണ് മന്ത്രവാദിയെ വിളിച്ച് ‘ബാധയൊഴിപ്പിക്കൽ’ നടത്തിയത്.
ഇരുപത്തൊന്നിനാണ് ‘ബാധയൊഴിപ്പിക്കൽ’ വീഡിയോ സഹിതം ദൃശ്യമാധ്യമങ്ങൾ വാർത്ത നൽകിയത്. പൊലീസെത്തിയാണ് കുട്ടികളെ പിന്നീട് പ്രാദേശിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. മഹോബ ജില്ലയിൽ സ്കൂളിൽനിന്ന് ഭക്ഷണം കഴിച്ച ഒമ്പതുമുതൽ 13 വരെ പ്രായക്കാരായ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.