ന്യൂഡൽഹി
തീവ്രഹിന്ദുത്വവാദികളുടെ ആക്രമണത്തിൽ പലായനം ചെയ്ത ക്രിസ്തുമത വിശ്വാസികളെ സംരക്ഷിക്കാൻ തയ്യാറാകാതെ ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാർ. വീടുവിട്ട് ഓടേണ്ടിവന്നവർക്ക് ക്രിസ്മസ് ദിവസവും വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. ആദിവാസി മേഖലയായ ബസ്തറിലെ നാരായൺപുർ ജില്ലയിൽ അപകട സാഹചര്യത്തിന് അയവുവന്നിട്ടില്ല.
ഇവിടെ ഇരുനൂറോളം കുടുംബങ്ങളാണ് ആക്രമണത്തിന് ഇരയായി പലായനം ചെയ്തത്. ആക്രമണത്തിന് ഇരയായവർ നടപടിയാവശ്യപ്പെട്ട് കലക്ടറേറ്റ് വളഞ്ഞതോടെയാണ് ചില സംഭവങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എഴുപതോളം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ആരെയും പിടികൂടിയിട്ടില്ല. ബിജെപി നാരായൺപുർ ജില്ലാ പ്രസിഡന്റ് രൂപസായ് സലാം, ഹിന്ദുത്വ സംഘടന നേതാക്കൾ തുടങ്ങിയവരുടെ പേരുകൾ സഹിതം നൽകിയ പരാതിയിലും അറസ്റ്റുണ്ടായില്ല.
ക്രിസ്ത്യൻ മതപരിവർത്തനം വ്യാപകമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ബിജെപി ഭരണത്തിലാണ് കൂടുതൽ പള്ളികൾ നിർമിച്ചതെന്നായിരുന്നു മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ പ്രതികരണം. മൃദുഹിന്ദുത്വ നയം തുടരുന്ന കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകുന്നില്ലെന്ന വിമർശം ശക്തമാണ്. പ്രാർഥനായോഗം നടത്തിയാലും മതപരിവർത്തനവിരുദ്ധ നിയമത്തിന്റെ മറവിൽ ക്രൈസ്തവർക്കെതിരെ കേസെടുക്കുന്നു. കഴിഞ്ഞവർഷം ആദ്യംമാത്രം ഇത്തരത്തിൽ ഒമ്പത് കേസെടുത്തു.
അക്രമങ്ങളോട് നിസ്സംഗത പുലർത്തുന്ന കോൺഗ്രസ് സർക്കാരിനെ ശശി തരൂർ എംപി പരോക്ഷമായി വിമർശിച്ചു. വിശ്വാസത്തിന്റെ പേരിൽ ബസ്തറിൽ കുടിയൊഴിപ്പിക്കുന്നത് വേദനിപ്പിക്കുന്നുവെന്നും ഇത് യഥാർഥ ഇന്ത്യയല്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വെള്ളിയാഴ്ച ഡൽഹിയിലെ ഛത്തീസ്ഗഢ് ഭവന് മുന്നിൽ നടത്താനിരുന്ന പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചു. കർശന നടപടി ആവശ്യപ്പെട്ട് ഭൂപേഷ് ഭാഗേലിന് നിവേദനം നൽകുമെന്നും 29ന് ഛത്തീസ്ഗഢ് ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സാമൂഹ്യപ്രവർത്തകൻ പ്രൊഫ. അപൂർവാനന്ദ് ‘ദേശാഭിമാനിയോട് ’ പറഞ്ഞു. ആക്രമണങ്ങൾ തുടരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
ചേരാങ് ഗ്രാമത്തിൽ ക്രൂരമർദനത്തിനിരയായ അമ്പതോളംപേർ വീടുവിട്ടോടി. ഗോണ്ട്, മുരിയ ഗോത്രവിഭാഗങ്ങളാണ് കൂടുതലും ഇരകളാകുന്നത്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്ത് ക്രിസ്തുമത വിശ്വാസികൾക്കെതിരെയുള്ള ആക്രമണങ്ങളിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കനുസരിച്ച് 2021ൽ 478 ആക്രമണമാണ് ഉണ്ടായത്. ഉത്തർപ്രദേശ് (99) ഒന്നാം സ്ഥാനത്തും ഛത്തീസ്ഗഢ് രണ്ടാം സ്ഥാനത്തുമാണ് (89). 2022 മെയ് വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 207 ആക്രമണമുണ്ടായി.