ന്യൂഡൽഹി
കോവിഡിന്റെ മറവിൽ യാത്രാഇളവുകൾ നിർത്തലാക്കിയും ഫ്ലെക്സി ചാർജ് ഏർപ്പെടുത്തിയും റെയിൽവേ കൊള്ള തുടരുന്നു. 2022 ഏപ്രിൽമുതൽ നവംബർവരെയുള്ള കാലയളവിൽ യാത്രക്കാരിൽനിന്നുള്ള വരുമാനം, ചരക്കുവരുമാനം എന്നിവ കുത്തനെ വർധിച്ചു. യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിൽ 76.02 ശതമാനത്തിന്റെ വർധനയുണ്ടായി. യാത്രാഇളവുകൾ നിർത്തലാക്കി റെയിൽവേ ജനങ്ങളിൽ അധികഭാരം അടിച്ചേൽപ്പിച്ചതായി ജോൺബ്രിട്ടാസ് എംപിക്ക് ലഭിച്ച മറുപടി വ്യക്തമാക്കുന്നു.
2019–-2020ൽ 2059 കോടി രൂപ യാത്രാഇളവുകൾക്കുവേണ്ടി വിനിയോഗിച്ചിരുന്നു. എന്നാൽ, 2021–-2022ൽ അത് 107 കോടിയായി വെട്ടിച്ചുരുക്കി. അതേസമയം, ഫ്ലെക്സി നിരക്കിലൂടെ 2019–-2020ൽ 823 കോടി, 2020–-2021ൽ 365 കോടി, 2021–-2022ൽ 573 കോടി, 2022 ക്ടോബർവരെ 680 കോടി അധികവരുമാനമുണ്ടാക്കി. യാത്രക്കാരിൽ നിന്നുള്ള വരുമാനം വർധിച്ചിട്ടും ഫ്ലെക്സി നിരക്കുകളിലൂടെ അധികവരുമാനം സമാഹരിച്ചിട്ടും മുതിർന്ന പൗരൻമാർക്കുള്ള യാത്രാആനുകൂല്യം ഉൾപ്പെടെയുള്ള ഇളവുകൾ പുനഃസ്ഥാപിക്കാൻ റെയിൽവേയും കേന്ദ്രസർക്കാരും തയ്യാറായിട്ടില്ല.
പിൻവാതിൽ കൊള്ളയാണ് റെയിൽവേ നടത്തുന്നതെന്ന് ജോൺബ്രിട്ടാസ് ചൂണ്ടിക്കാട്ടി.