തിരുവനന്തപുരം
കേരള സർവകലാശാല വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകുന്നതുമായി ബന്ധപ്പെട്ട് ഗവർണർക്ക് കനത്ത തിരിച്ചടിയുണ്ടായിട്ടും അറിയാതെ മാധ്യമങ്ങൾ. മനോരമയും മാതൃഭൂമിയുമടക്കമുള്ള പത്രങ്ങളിൽ ഡിവിഷൻ ബെഞ്ചിന്റെ വിധി കണ്ടെടുക്കാൻ വായനക്കാരൻ ഗവേഷണബുദ്ധി പ്രയോഗിക്കേണ്ട അവസ്ഥയിലായി.
നേരത്തേ ദേവൻ രാമചന്ദ്രന്റെ ബെഞ്ചിൽനിന്ന് ഒരു മാസത്തിനകം സെനറ്റ് പ്രതിനിധിയെ നൽകാൻ ഉത്തരവിട്ടപ്പോൾ വലതുപക്ഷ മാധ്യമങ്ങളെല്ലാം അത് വലിയ ആഘോഷമാക്കി. ഒന്നാം പേജ് ലീഡായിരുന്നു. എന്നാൽ, അതേ വിധി സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചപ്പോൾ അതേക്കുറിച്ച് ഈ മാധ്യമങ്ങൾ മൗനത്തിലായി.
ഇടക്കാല ഉത്തരവെങ്കിലും വിശദമായ വിധിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാല എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ചത്.
സെനറ്റ് പ്രതിനിധിയെ ഒരു മാസത്തിനകം നൽകണമെന്ന വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തതോടെ ഗവർണർ ആരിഫ് മൊഹമ്മദ്ഖാനും സർവകലാശാലയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച സംഘപരിവാറിനും കനത്ത തിരിച്ചടിയായി. വൈസ് ചാൻസലർ നിയമനകാര്യത്തിൽ ചാൻസലറുടെ അധികാരങ്ങൾ സംബന്ധിച്ച് കേരള സർവകലാശാല നിയമവും യുജിസി ചട്ടങ്ങളും തമ്മിൽ വൈരുധ്യമുണ്ടായാൽ ഏത് നിലനിൽക്കുമെന്ന പ്രശ്നമാണ് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. സുപ്രീംകോടതി വിധികളുടെ പശ്ചാത്തലത്തിൽക്കൂടി ഇക്കാര്യം കോടതി പരിഗണിക്കുമ്പോൾ ഗവർണറുടെ അമിതാധികാരപ്രയോഗങ്ങൾ ചോദ്യം ചെയ്യപ്പെടും. ഇക്കാര്യങ്ങളൊന്നും ചർച്ച ചെയ്യാൻ മാധ്യമങ്ങൾ തയ്യാറായിട്ടില്ല. വിധിയുടെ വിശദാംശങ്ങൾ വെള്ളിയാഴ്ച പുറത്തുവന്നിട്ടും വിധി പഠിക്കാനോ ജനങ്ങളെ അറിയിക്കാനോ അവർ തയ്യാറല്ല. വ്യക്തമാകുന്നത് മാധ്യമങ്ങളുടെ ഇടതുവിരുദ്ധ രാഷ്ട്രീയവും സംഘപരിവാറിനോടുള്ള അടിമ മനോഭാവവുമാണ്.