ന്യൂഡൽഹി
എൻഡിടിവിയുടെ ശേഷിക്കുന്ന ഓഹരികൾകൂടി അദാനി ഗ്രൂപ്പിന് കൈമാറുമെന്ന് ചാനൽ സ്ഥാപകർ. ഓഹരികൾ എഎംജി മീഡിയാ നെറ്റ്വർക്കിന് കൈമാറുമെന്ന് പ്രണോയ് റോയ്, രാധിക റോയ് എന്നിവർ അറിയിച്ചു. പുതിയ കമ്പനി ചാനലിന്റെ വിശ്വാസ്യതയും സ്വാതന്ത്ര്യവും മൂല്യങ്ങളും സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
പ്രണോയ്, രാധിക എന്നിവർക്ക് എൻഡിടിവിയുടെ 32.26 ശതമാനം ഓഹരിയാണുള്ളത്. അദാനി ഗ്രൂപ്പിന് 37.44 ശതമാനം ഓഹരിയുണ്ട്. അഞ്ച് ശതമാനം ഓഹരിമാത്രം കൈയിൽവച്ച് 27.26 ശതമാനം ഓഹരി അദാനി ഗ്രൂപ്പിന് കൈമാറാനാണ് ചാനൽ സ്ഥാപകരുടെ തീരുമാനം. വളഞ്ഞവഴിയിലൂടെ എൻഡിടിവി ഓഹരികൾ സ്വന്തമാക്കിയ അദാനിഗ്രൂപ്പിന്റെ നടപടി നേരത്തേ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന്, പ്രമുഖ മാധ്യമപ്രവർത്തകനായ രവീഷ്കുമാർ ഉൾപ്പെടെയുള്ളവർ എൻഡിടിവിയിൽനിന്ന് രാജിവച്ചിരുന്നു.