ന്യൂഡൽഹി
വിരമിച്ച സൈനികരുടെ പുതുക്കിയ പെൻഷന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയുടെ പരിഷ്കരണത്തിന് അനുമതി നൽകിയതായി കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂർ അറിയിച്ചു. 2019 ജൂൺ 30-ന് മുമ്പ് വിരമിച്ച സായുധ സേനാംഗങ്ങൾക്കാണ് ബാധകം.
പുതുക്കിയ പെൻഷൻ നൽകുന്നതിനായി പ്രതിവർഷം 8450 കോടി രൂപ അധികമായി അനുവദിക്കും. 2019 ജൂലൈ മുതൽ 2022 ജൂൺവരെ കുടിശ്ശികയായി നൽകാനുള്ള 23,638 കോടി രൂപയും അനുവദിക്കും. രണ്ടുവർഷംകൊണ്ടാകും ഈ തുക നൽകുക. എന്നാൽ, കുടുംബ പെൻഷൻകാർ, ധീരതയ്ക്കുള്ള പുരസ്കാരം നേടിയവർ, പ്രത്യേക പരിഗണനയുള്ള പെൻഷൻകാർ എന്നിവർക്ക് ഒറ്റഗഡുവിൽ കുടിശ്ശിക ലഭിക്കും. 2014 ജൂലൈ ഒന്നിനുശേഷം സ്വയംവിരമിച്ചവർക്ക് പെൻഷൻ പരിഷ്കരണത്തിന്റെ ഗുണം ലഭിക്കില്ല. പരിഷ്കരണത്തിലൂടെ 25.13 ലക്ഷം പേർക്ക് ഗുണം ലഭിക്കുമെന്നും യുവജനങ്ങളെ സൈന്യത്തിലേക്ക് ആകർഷിക്കുന്നതാണെന്നും കേന്ദ്രം പത്രക്കുറിപ്പിൽ പറഞ്ഞു.