ന്യൂഡൽഹി
ഒമിക്രോൺ ഉപവകഭേദം ബിഎഫ്.7 സ്ഥിരീകരിച്ചതിനാൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ വിദേശയാത്രക്കാരെ ശനിയാഴ്ചമുതൽ പരിശോധിക്കും. എല്ലാവരെയും തെർമൽ സ്കാനിങ്ങിന് വിധേയമാക്കും. രണ്ടു ശതമാനം പേരിൽ കോവിഡ് പരിശോധന നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറഞ്ഞു.
രോഗലക്ഷണങ്ങളുള്ളവരെ ഉടൻ നിരീക്ഷണത്തിലാക്കും. പരിശോധന പൂർത്തിയായവർക്ക് ഫലം കാത്തുനിൽക്കാതെ ലക്ഷ്യസ്ഥാനത്തേക്ക് മടങ്ങാം. കോവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിൾ ജനിതക ശ്രേണീകരണത്തിന് അയക്കും. ലക്ഷണമില്ലാത്ത 12 വയസ്സിൽ താഴെയുള്ള കുട്ടികളെ പരിശോധനയിൽനിന്ന് ഒഴിവാക്കും. വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവർ വാക്സിൻ എടുക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. കോവിഡ് വർധിക്കുന്ന രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് വൈകാതെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.