ന്യൂഡൽഹി
വൈദ്യുതിമേഖലയെ സ്വകാര്യവൽക്കരിക്കുന്ന വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാർ പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ധർണ നടത്തി പ്രതിഷേധിച്ചു. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കുന്നതിനായി കൊണ്ടുവന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് എംപിമാർ കുറ്റപ്പെടുത്തി. കുത്തക കമ്പനികളുടെ നേട്ടത്തിനായാണ് ബില്ലെന്നും എംപിമാർ പറഞ്ഞു.
ഐതിഹാസിക കർഷകസമരം ഒത്തുതീർപ്പായ ഘട്ടത്തിൽ വൈദ്യുതി ഭേദഗതി ബില്ലിന്റെ കാര്യത്തിൽ നൽകിയ ഉറപ്പ് കേന്ദ്ര സർക്കാർ ലംഘിച്ചെന്ന് സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം പറഞ്ഞു. കർഷക സംഘടനകളുമായി കൂടിയാലോചിക്കാതെ ബിൽ കൊണ്ടുവരില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നതാണ്.
സമവർത്തി പട്ടികയിൽ ഉൾപ്പെടുന്നതാണ് വൈദ്യുതി. അതുകൊണ്ട് സംസ്ഥാനങ്ങളുടെകൂടെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. എന്നാൽ, സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയാണ് ബിൽ കൊണ്ടുവന്നത്. ഇത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. ബിൽ നിയമമാകുന്നതോടെ വൈദ്യുതി വിതരണം പൂർണമായും സ്വകാര്യവൽക്കരിക്കപ്പെടും. ക്രോസ് സബ്സിഡി ഇല്ലാതാകും. കർഷകർക്കും പാവപ്പെട്ട ഉപയോക്താക്കൾക്കും ഇത് ആഘാതമാകുമെന്നും എളമരം കരീം പറഞ്ഞു.
എംപിമാരായ പി ആർ നടരാജൻ, എ എം ആരിഫ്, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹിം, ബികാഷ് രഞ്ജൻ ഭട്ടാചാര്യ, പി സന്തോഷ്കുമാർ, കെ സുബ്ബരായൻ എന്നിവരും പ്രതിഷേധത്തിൽ പങ്കാളികളായി.