ധാക്ക
ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യയുടെ നിയന്ത്രണത്തിൽ. രണ്ടാംദിനം ഇന്ത്യക്ക് 80 റണ്ണിന്റെ ലീഡായി. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 314 റണ്ണെടുത്ത് പുറത്തായി. ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് റണ്ണെടുത്തു.
സ്കോർ: ബംഗ്ലാദേശ് 227, 0–-7; ഇന്ത്യ 314
വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. പന്ത് സെഞ്ചുറിക്ക് ഏഴ് റൺ അകലെവച്ചാണ് പുറത്തായത്. നേടിയത് 104 പന്തിൽ 93 റൺ. അഞ്ച് സിക്സറും ഏഴ് ഫോറും ഉൾപ്പെട്ടു. ശ്രേയസും സെഞ്ചുറി പ്രതീക്ഷ നൽകിയശേഷമാണ് മടങ്ങിയത്. 105 പന്തിൽ 87. രണ്ട് സിക്സറും 10 ഫോറും. മറ്റാർക്കും പിടിച്ചുനിൽക്കാനായില്ല.
വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്ണെന്നനിലയിൽ രണ്ടാംദിനം ആരംഭിച്ച ഇന്ത്യക്ക് തിരിച്ചടിയേറ്റു. 10 റണ്ണെടുത്ത ക്യാപ്റ്റൻ ലോകേഷ് രാഹുൽ ആദ്യം മടങ്ങി. പിന്നാലെ 20 റണ്ണുമായി ശുഭ്മാൻ ഗില്ലും. ചേതേശ്വർ പൂജാരയും വിരാട് കോഹ്ലിയും പ്രതീക്ഷ നൽകിയശേഷം പുറത്തായി. ഇരുവരും 24 റൺവീതം നേടി. ഈ ഘട്ടത്തിൽ 4–-94 റണ്ണെന്ന നിലയിലായിരുന്നു ഇന്ത്യ. പന്ത് ക്രീസിൽ എത്തിയതോടെ കളി മാറി. ശ്രേയസും ഒപ്പം ചേർന്നതോടെ ബംഗ്ലാ ബൗളർമാർ വിയർത്തു. സ്കോർ 253ൽവച്ചാണ് ഈ കൂട്ടുകെട്ട് വേർപിരിയുന്നത്. അഞ്ചാംവിക്കറ്റിൽ 159 റൺ കൂട്ടിച്ചേർത്തു.
മെഹെദി ഹസ്സൻ മിറാസിന്റെ പന്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ മടങ്ങി. ശ്രേയസിനും കൂടുതൽ മുന്നേറാനായില്ല. ഷാക്കിബ് അൽ ഹസ്സൻ വിക്കറ്റിനുമുന്നിൽ കുരുക്കുകയായിരുന്നു.ഇരുവരും പുറത്തായതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. ആർ അശ്വിൻ (12), ഉമേഷ് യാദവ് (14), ജയദേവ് ഉനദ്ഘട്ട് (14) എന്നിവർ ചേർന്നാണ് ലീഡ് 50 കടത്തിയത്.ബംഗ്ലാദേശിനായി ഷാക്കിബും തയ്ജുൾ ഇസ്ലാമും നാലുവീതം വിക്കറ്റ് വീഴ്ത്തി.