ഒരു ഇടവേളയ്ക്കുശേഷം ലോകമാകെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഡിസംബറിലെ ആദ്യ 20 ദിവസത്തിൽ ഇതുവരെ 1.1 കോടി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ആഫ്രിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും രോഗവ്യാപനമുണ്ട്. വരുംദിവസങ്ങളിൽ രൂക്ഷമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 15 രാജ്യങ്ങളിലാണ് രോഗബാധ കൂടുതൽ. അഞ്ച് വീതം രാജ്യങ്ങൾ ഏഷ്യയിലും യൂറോപ്പിലുമാണ്. രണ്ട് വീതം രാജ്യങ്ങൾ ഒഷ്യാന മേഖലയിലും സൗത്ത് അമേരിക്കയിലും. ഒരെണ്ണം നോർത്ത് അമേരിക്കയിലും.
ഏറ്റവും കുടൂതൽ പുതിയ രോഗികൾ ജപ്പാനിലാണ്–- 25.8 ലക്ഷം. ദക്ഷിണ കൊറിയ–- 12.3 ലക്ഷം, അമേരിക്ക–- 11.9 ലക്ഷം എന്നിങ്ങനെയാണ് രോഗബാധയിൽ മുന്നിലുള്ള മറ്റു രാജ്യങ്ങൾ. ആകെ രോഗികളുടെ പകുതിയോളവും ഈ മൂന്നു രാജ്യങ്ങളിലാണ്. ഇന്ത്യയിൽ ഈ കാലയളവിൽ രോഗികൾ 3600 മാത്രവും. ഏറ്റവും കൂടുതൽ മരണവും അമേരിക്കയിലാണ്. ഡിസംബറിലെ 20 ദിവസത്തിനിടെ 7500 ജീവൻ നഷ്ടമായി. ജപ്പാനിൽ 4086, ബ്രസീലിൽ 2615 പേരും മരിച്ചു. ഇന്ത്യയിൽ 58. ചൈനയിൽ മരണം ഒമ്പതു മാത്രമാണ്. രോഗവ്യാപനം രൂക്ഷമായ 15 രാജ്യങ്ങളിലെ കുറഞ്ഞ മരണസംഖ്യയാണ് ചൈനയിലേത്.
അതേസമയം കോവിഡ് വാക്സിനേഷൻ മികച്ച രീതിയിൽ നടത്തിയ രാജ്യങ്ങളിലും മരണം ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. 4086 പേർ മരിച്ച ജപ്പാനിൽ 83 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിൻ നൽകിയതാണ്. അഞ്ഞൂറിലധികം പേർ മരിച്ച ദക്ഷിണ കൊറിയയിലും തായ്വാനിലും 86 ശതമാനംപേരും രണ്ട് ഡോസ് കുത്തിവയ്പ് എടുത്തവരാണ്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണവും വർധിക്കുകയാണ്.