ന്യൂഡൽഹി
ലോക രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കർശന ജാഗ്രത പുലർത്തണമെന്ന് കേന്ദ്രസർക്കാർ. ഒമിക്രോൺ ഉപ വകഭേദം ബിഎഫ്. 7 ഇന്ത്യയിൽ സ്ഥിരീകരിച്ചതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം സ്ഥിതിഗതികൾ വിലയിരുത്തി. ഓക്സിജൻ സിലണ്ടറുകൾ, പ്ലാന്റുകൾ, വെന്റിലേറ്ററുകൾ, കിടക്ക, മനുഷ്യവിഭവശേഷി എന്നിവ ഉൾപ്പെടെയുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങളുടെ ഓഡിറ്റ് സംസ്ഥാനങ്ങൾ നടത്തണം. രാജ്യത്ത് മരുന്ന്, ആശുപത്രിക്കിടക്ക തുടങ്ങിയവയ്ക്ക് ക്ഷാമമില്ലെന്ന് യോഗം വിലയിരുത്തി. അതോടൊപ്പം അവശ്യമരുന്നുകളുടെ ലഭ്യത, വില തുടങ്ങിയവ നിരീക്ഷിക്കണം. ആഘോഷകാലം മുൻനിർത്തി ജനങ്ങൾ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.
കോവിഡ് പരിശോധനയും ജനിതക ശ്രേണീകരണവും വർധിപ്പിക്കണം. വാക്സിനേഷനും ബൂസ്റ്റർ ഡോസ് നൽകലും വേഗത്തിലാക്കണം. മറ്റു രോഗങ്ങളുള്ളവർക്കും പ്രായമായവർക്കും മുൻഗണന നൽകണം. വിദേശവിമാന സർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനമില്ല. വിദേശത്തുനിന്ന് എത്തുന്ന രണ്ടുശതമാനം യാത്രക്കാരെ പരിശോധിക്കുന്നത് തുടങ്ങി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശമന്ത്രി എസ് ജയ്ശങ്കർ, നീതി ആയോഗ് സിഇഒ പരമേശ്വരൻ അയ്യർ, ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ തുടങ്ങിയവർ പങ്കെടുത്തു.മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ അടുത്ത ആഴ്ച മുതൽ ലഭ്യമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഭാരത് ബയോടെക് തയാറാക്കിയ വാക്സിൻ 18 വയസിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസായി നൽകും. അതേസമയം, കർണാടകത്തിൽ അടച്ചിട്ട മുറികളിലെ പരിപാടികളിൽ മാസ്ക്ക് നിർബന്ധമാക്കി.
എക്സ്ബിബി വകഭേദം: പ്രചാരണം വ്യാജമെന്ന് കേന്ദ്ര സർക്കാർ
ഒമിക്രോണിന്റെ വ്യതിയാനം വന്ന വകഭേദമായ എക്സ്ബിബി വൈറസ് രാജ്യത്ത് സ്ഥിരീകരിച്ചെന്ന വാർത്ത തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാട്സാപ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത് വ്യാജമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഡെൽറ്റയേക്കാൾ അഞ്ചിരട്ടി അപകടകരമാണെന്നും ഉയർന്ന മരണനിരക്കാണെന്നും സന്ദേശത്തിലുണ്ട്. വൈറസ് ബാധിതർക്ക് ചുമ, പനി എന്നിവ പ്രകടമാകില്ലെന്നും സന്ധിവേദന, തലവേദന തുടങ്ങിയവ പ്രകടമായേക്കുമെന്നുമാണ് വ്യാജപ്രചാരണം.