വാഷിങ്ടൺ
പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഉക്രയ്ന് ആയുധ പാക്കേജ് പ്രഖ്യാപിച്ച് അമേരിക്ക. വ്യോമ പ്രതിരോധത്തിനായി 104 പേട്രിയറ്റ് മിസൈൽ നൽകും. മറ്റ് സൈനിക ആവശ്യങ്ങൾക്കായി 15347 കോടിയുടെ പാക്കേജും പ്രഖ്യാപിച്ചു. പ്രതിരോധ ആവശ്യങ്ങൾക്കായി കൂടുതൽ സഹായം തേടിയാണ് സെലൻസ്കി അമേരിക്കയിലെത്തിയത്.
രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്നും റഷ്യക്ക് കീഴടങ്ങില്ലെന്നും സെലൻസ്കി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഉക്രയ്ന് അമേരിക്ക നൽകുന്ന സൈനിക–-സാമ്പത്തിക സഹായത്തിൽ സെലൻസ്കി നന്ദി പറഞ്ഞു.
സെലൻസ്കി വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഉക്രയ്ന് കൂടുതൽ സഹായം നൽകുമെന്ന് ബൈഡൻ പറഞ്ഞു. വ്യോമപ്രതിരോധത്തിനായാണ് പേട്രിയറ്റ് മിസൈലുകൾ നൽകുന്നത്. മിസൈൽ ഉപയോഗിക്കാനുള്ള പരിശീലനം യുഎസ് നൽകുമെന്നും ബൈഡൻ പറഞ്ഞു. 2000 കോടി രൂപയുടെ ആയുധങ്ങൾ അമേരിക്ക ഇതിനകം ഉക്രയ്ന് നൽകിയിട്ടുണ്ട്.