ന്യൂഡൽഹി
ഇന്ത്യ–- ചൈന അതിർത്തി വിഷയത്തിൽ ചർച്ചയിൽനിന്ന് ഒളിച്ചോടുന്ന മോദി സർക്കാരിനെതിരെ പാർലമെന്റിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ പാർടികൾ. പ്രതിഷേധത്തിൽ വ്യാഴാഴ്ച ലോക്സഭ പൂർണമായും സ്തംഭിച്ചു. രാജ്യസഭയിൽ ചർച്ച നിരാകരിച്ചതിനെ തുടർന്ന് പ്രതിപക്ഷം ഒന്നടങ്കം സഭ ബഹിഷ്കരിച്ചു. വിഷയത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷ എംപിമാർ നൽകിയ നോട്ടീസുകൾ സഭാധ്യക്ഷന്മാർ തള്ളി.
രാവിലെ ലോക്സഭ ചേർന്നയുടൻ തന്നെ ഇന്ത്യ–- ചൈന വിഷയത്തിൽ ചർച്ച അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തര ചർച്ചയ്ക്കുള്ള നോട്ടീസുകൾ സ്പീക്കർ നിരാകരിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധം തുടർന്നതോടെ സഭ വെള്ളിയാഴ്ച ചേരാനായി പിരിഞ്ഞു. രാജ്യസഭയിലും പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ട് രംഗത്തുവന്നു. ശീതകാല സമ്മേളനം തുടങ്ങിയ ദിവസം മുതൽ ചർച്ച ആവശ്യപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
പ്രതിരോധ മന്ത്രിയും വിദേശമന്ത്രിയും പ്രസ്താവന നടത്തിയിട്ടുണ്ടെന്നും ഇനി ചർച്ചയുടെ ആവശ്യമില്ലെന്നും സഭാ നേതാവ് കൂടിയായ കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ഇത്തരം തന്ത്രപ്രധാന വിഷയങ്ങളിൽ യുപിഎ കാലത്തും ചർച്ച അനുവദിച്ചിട്ടില്ലെന്നും ഗോയൽ അവകാശപ്പെട്ടു.