ന്യൂഡൽഹി
കോവിഡിന്റെ പേരിൽ ഭാരത് ജോഡോ യാത്രയ്ക്ക് തടയിടാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അതല്ലെങ്കിൽ യാത്ര നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. യാത്ര ശനിയാഴ്ച ഡൽഹിയിൽ പ്രവേശിക്കാനിരിക്കെയാണ് കോവിഡിന്റെ പേരിലുള്ള കേന്ദ്രത്തിന്റെ തടയൽ ശ്രമങ്ങളെന്ന് കോൺഗ്രസ് മാധ്യമവിഭാഗം തലവൻ ജയ്റാം രമേശ് പറഞ്ഞു. രാഹുലിനുള്ള കത്ത് വിവാദമായതോടെ വിശദീകരണവുമായി മാണ്ഡവ്യ രംഗത്തുവന്നു. ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും വിദഗ്ധരുടെ അഭിപ്രായങ്ങൾ പ്രകാരമാണ് കത്തയച്ചതെന്നും മാണ്ഡവ്യ പറഞ്ഞു.
എന്തുവന്നാലും യാത്ര ശ്രീനഗർവരെ തുടരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോവിഡിന്റെ പേരിൽ തടയാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് കത്ത്. യാത്ര നിർത്താനാണ് ആവശ്യം. പല വഴികളും അവർ തേടുന്നുണ്ട്–- രാഹുൽ പഞ്ഞു. ജോഡോ യാത്ര തടയാനുള്ള കേന്ദ്ര നീക്കത്തെ ശിവസേനയും ജെഡിയുവും അപലപിച്ചു. അതേസമയം പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മന്ത്രിമാരും എംപിമാരുമെല്ലാം മാസ്ക് ധരിച്ചാണ് എത്തിയത്. ലോക്സഭാ സ്പീക്കറും രാജ്യസഭാ അധ്യക്ഷനും മാസ്ക് ധരിച്ചു.