ന്യൂഡൽഹി
തീവ്രഹിന്ദുത്വ സംഘടനകളുടെ ആക്രമണത്തിൽനിന്നു രക്ഷതേടാൻ ഛത്തീസ്ഗഢിൽ ക്രിസ്തുമതം സ്വീകരിച്ചവർ പാലായനംചെയ്യുന്നു. ആദിവാസി മേഖലയായ ബസ്തറിലെ നാരായൺപുർ ജില്ലയിൽമാത്രം നൂറോളം കൂടുംബങ്ങളാണ് സ്റ്റേഡിയത്തിലും തുറന്ന പ്രദേശങ്ങളിലും പള്ളികളിലും ജീവൻരക്ഷിക്കാൻ അഭയംതേടിയത്. അറുപതോളം കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് നാരായൺപുർ ക്രിസ്ത്യൻ സൊസൈറ്റി പ്രസിഡന്റ് സുഖ്മാൻ പൊതായ് പറഞ്ഞു. ഭട്പാൽ, മോഡേംഗ, ഗോഹ്ദ, ബൊർവാണ്ട് നഗരങ്ങളിലും അക്രമങ്ങളുണ്ടായി. ആരാധനാലയങ്ങൾ തകർത്ത സംഘങ്ങൾ സ്ത്രീകളെയും കുട്ടികളെയും വെറുതെവിട്ടില്ല.
ചേരാങ് ഗ്രാമത്തിൽ ക്രൂരമർദനത്തിനിരയായ അമ്പതോളം വിശ്വാസികൾ വീടുവിട്ടോടി. ഒക്ടോബറിൽ മൂന്ന്, നവംബറിൽ 15, ഡിസംബറിൽ 21 തവണയുമാണ് ആക്രമണങ്ങളുണ്ടായതെന്ന് പരാതിക്കാരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച മാത്രം 20 അക്രമങ്ങളുണ്ടായി. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരും പൊലീസും നടപടിയെടുക്കുന്നില്ല എന്ന് ആരോപിച്ചും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടും നാരായൺപുർ കലക്ടറേറ്റിൽ ആയിരങ്ങൾ കുത്തിയിരുപ്പ് സമരം നടത്തി. കലക്ടർക്ക് നിവേദനവും നൽകി. പരിക്കേറ്റവരുടെ ചിത്രമടക്കം പരാതി നൽകിയിട്ടും കേസെടുക്കുന്നതിനു പകരം പരാതിക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ശ്രമിച്ചെന്നും ആക്ഷേപമുണ്ട്.
ബിജെപി നാരായൺപുർ ജില്ലാ പ്രസിഡന്റ് രൂപസായ് സലാം, ബേനൂർ ഗ്രാമത്തിലെ പ്രസിഡന്റ് ഫുൽധർ കച്ചനം, ഭട്പാലിലെ നേതാവ് ശ്യാംലാൽ പൊതായ്, അന്തഗഢിലെ പ്രസിഡന്റ് ഭോജരാജ് നാഗ് തുടങ്ങിയർക്കെതിരെയാണ് പരാതിയെന്ന് ദ് വയർ റിപ്പോർട്ട് ചെയ്തു. ആർഎസ്എസാണ് അക്രമികളെ ഇളക്കിവിടുന്നതെന്ന് ഗ്രാമീണർ പറയുന്നു. പതിനഞ്ചോളം ഗ്രാമങ്ങളിലാണ് സ്ഥിതി രൂക്ഷം. ഇവിടെനിന്ന് ക്രിസ്ത്യാനികളെ പുറത്താക്കുകയാണ് ലക്ഷ്യമെന്നും കടുത്ത വിവേചനം നേരിടുകയാണെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. ഗോണ്ട്, മുരിയ ഗോത്രവിഭാഗങ്ങളാണ് ഭൂരിപക്ഷം ഗ്രാമീണരും. ഇവരിൽ പലരും ക്രിസ്തുമതം സ്വീകരിച്ചതാണ് ആർഎസ്എസിനെ പ്രകോപിപ്പിച്ചത്.