ബംഗളൂരു
വിദ്യാഭ്യാസത്തിലും സർക്കാർ ജോലിയിലും സംവരണം ആവശ്യപ്പെട്ട് കർണാടകയിൽ ലിംഗായത്ത് സമുദായത്തിന്റ വൻറാലി. ലിംഗായത്ത് ഉപവിഭാഗമായ പഞ്ചമസാലി വിഭാഗത്തിലെ ഒരു ലക്ഷം അംഗങ്ങളാണ് വ്യാഴാഴ്ച പ്രതിഷേധവുമായി എത്തിയത്. മുതിർന്ന ബിജെപി നേതാക്കളായ ബി എസ് യെദ്യൂരപ്പയ്ക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കുമെതിരെ പരസ്യ നിലപാടെടുത്തിട്ടുള്ള ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീലാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. കർണാടക സർക്കാരിനെ രൂക്ഷമായ ഭാഷയിൽപ്രതിഷേധക്കാർ വിമർശിച്ചു. വിദ്യാഭ്യാസത്തിലും സർക്കാർ ജോലിയിലും സമുദായത്തിന് അർഹമായ സംവരണം നൽകുംവരെ പ്രതിഷേധം തുടരുമെന്നും ഇവർ അറിയിച്ചു. ലിംഗായത്ത് ജനസംഖ്യയുടെ 60 ശതമാനമാണ് പഞ്ചമസാലികൾ.
ഇത്രയും പ്രബല വിഭാഗമായിട്ടും സർക്കാർ അവഗണിക്കുന്നു എന്നാണ് ഇവരുടെ പരാതി. ഏഴു ജില്ല ഉൾപ്പെടുന്ന കിറ്റൂർ കർണാടക മേഖലയിലെ 100 നിയമസഭാസീറ്റിൽ സ്വാധീനമുള്ള വിഭാഗമാണിവർ. വീരശൈവ ലിംഗായത്തുകൾക്ക് നിലവിൽ ഒബിസി ക്വാട്ടയിലെ 3ബി വിഭാഗത്തിനു കീഴിൽ അഞ്ചുശതമാനം സംവരണമുണ്ട്. അവരെ 2എയിലേക്ക് മാറ്റണമെന്നാണ് പ്രധാന ആവശ്യം. വൊക്കലി, മറാത്ത എന്നിവ ഉൾപ്പെടെ നിരവധി സമുദായങ്ങും സമാന ആവശ്യവുമായി രംഗത്തുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന ഘട്ടത്തിൽ ബൊമ്മെ സർക്കാരിന് ഇത് വൻ തലവേദനയാകും.