ന്യൂഡൽഹി
രാജ്യസഭാ നേതാവും കേന്ദ്രമന്ത്രിയുമായ പീയുഷ് ഗോയലിന്റെ ബിഹാർ വിരുദ്ധ പരാമർശം വിവാദമായതോടെ ബിജെപി പ്രതിരോധത്തിലായി. വ്യാഴാഴ്ച രാജ്യസഭയിൽ പരാമർശം പിൻവലിക്കുന്നതായി ഗോയൽ പറഞ്ഞെങ്കിലും ഖേദപ്രകടനം കൂടിയേ തീരൂവെന്ന നിലപാടിലാണ് പ്രതിപക്ഷ പാർടികൾ. ആർജെഡിയും ജെഡിയുവും പരാമർശത്തിനെതിരായി രംഗത്തുവന്നു. ബിഹാറിൽനിന്നുള്ള ആർജെഡി എംപിയായ മനോജ് ഝാ ബുധനാഴ്ച വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കവെയാണ് ഗോയലിന്റെ വിവാദ പരാമർശം. ഇദ്ദേഹത്തെ കാര്യങ്ങൾ ഏൽപ്പിച്ചാൽ രാജ്യം മൊത്തം ബിഹാറാക്കുമെന്നായിരുന്നു ഗോയലിന്റെ പരിഹാസം. തന്നെ എങ്ങനെ വേണമെങ്കിലും വിമർശിച്ചോളൂ പക്ഷേ, ബിഹാറിനെ അപമാനിക്കരുതെന്ന് ഝാ മന്ത്രിയോട് കൈകൂപ്പി പറഞ്ഞു.
വ്യാഴാഴ്ച സഭ ചേർന്നപ്പോൾ തന്റെ പരാമർശം പിൻവലിക്കുന്നെന്നും ബിഹാറിനെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.