ന്യൂഡൽഹി
പൊലീസുകാർ സദാചാരപൊലീസാകേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി. സദാചാരപൊലീസ് ചമഞ്ഞ് പൊലീസുകാർ പണമോ മറ്റു സൗജന്യങ്ങളോ ആവശ്യപ്പെടുന്നത് വച്ചുപൊറുപ്പിക്കരുതെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻകൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സദാചാരപൊലീസ് ചമഞ്ഞ സിഐഎസ്എഫ് കോൺസ്റ്റബിളിന് എതിരായ അച്ചടക്കനടപടി ലഘൂകരിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി നിരീക്ഷണം.
2001 ഒക്ടോബർ 27ന് വഡോദരയിൽ കോൺസ്റ്റബിൾ സന്തോഷ്കുമാർ പാണ്ഡെ യുവതിയോടും യുവാവിനോടും മോശമായി പെരുമാറിയതാണ് കോടതി പരിഗണിച്ചത്. യുവാവിന്റെ പരാതിയിൽ സന്തോഷ്കുമാറിനെ പിരിച്ചുവിട്ടിരുന്നു. ഇതിന്റെ അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാനും പകുതി ശമ്പളം നൽകാനും ഉത്തരവിട്ടു. എന്നാൽ, ഹൈക്കോടതി ഉത്തരവ് ന്യായീകരിക്കാനാകില്ലെന്നും പിരിച്ചുവിട്ട നടപടി നിലനിൽക്കുമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.