ജൊഹന്നാസ്ബർഗ്
അഴിമതി ആരോപണങ്ങൾക്കിടെ ദക്ഷിണാഫ്രിക്കൻ ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പാർടിയുടെ കക്ഷിനേതാവായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് പ്രസിഡന്റ് സിറിൽ രമഫോസ. ആരോഗ്യ മന്ത്രി സ്വെലി മെഖായിസുമായി നടന്ന വാശിയേറിയ മത്സരത്തിന്റെ ഫലമാണ് തിങ്കളാഴ്ച പുറത്തുവന്നത്.
സ്വന്തം തോട്ടത്തിൽ ഒളിപ്പിച്ചുവച്ച കണക്കിൽപ്പെടാത്ത ലക്ഷക്കണക്കിന് അമേരിക്കൻ ഡോളർ കൊള്ളയടിക്കപ്പെട്ടതോടെയാണ് രമഫോസ പ്രശ്നത്തിലായത്. വിഷയം റിപ്പോർട്ട് ചെയ്യാതെ മാസങ്ങളോളം പൂഴ്ത്തിവച്ചിരുന്നു. ജുഡീഷ്യൽ അന്വേഷണത്തിൽ രമഫോസ അഴിമതിക്കാരനെന്ന് തെളിഞ്ഞതോടെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം ശക്തമായെങ്കിലും അടുത്തിടെചേർന്ന പാർലമെന്ററി പാർടി യോഗം ഇംപീച്ച് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു.
രമഫോസയ്ക്കും മെഖായിസിനും പുറമേ മറ്റ് പ്രധാന നേതാക്കൾക്കെതിരെയും നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. രാജ്യത്തെ വൈദ്യുതി പ്രതിസന്ധി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് തന്റെ സർക്കാരും ഉത്തരവാദിയാണെന്ന് രമഫോസ കുറ്റസമ്മതം നടത്തിയിരുന്നു. ഏഴുമണിക്കൂറിലധികമാണ് നിലവിൽ പവർകട്ട്. അഴിമതിയും വ്യാപകമാണ്.