ന്യൂഡൽഹി
ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തി മരണക്കിടക്കയിൽ ആയാലേ ഇടക്കാലജാമ്യം അനുവദിക്കാവൂവെന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഡൽഹി ഹൈക്കോടതി. ആരോഗ്യപ്രശ്നമുള്ളവർക്ക് അനുയോജ്യമായ ചികിത്സ ഉറപ്പാക്കണം. പ്രശ്നങ്ങളുള്ള തടവുകാരുടെ ആരോഗ്യസാഹചര്യങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കണം. ആരോഗ്യാവസ്ഥ പരിഗണിച്ച് ഇടക്കാലജാമ്യം അനുവദിക്കാനുള്ള വിവേചനാധികാരം കോടതികൾക്കുണ്ട്. അത്, ഒരാൾ മരണക്കിടക്കയിൽ ആയാലേ അനുവദിക്കുകയുള്ളൂവെന്ന അവസ്ഥ ഉണ്ടാകരുത്–- ജസ്റ്റിസ് സതീശ്ചന്ദ്രശർമ നിരീക്ഷിച്ചു.
നട്ടെല്ലിന് ഗുരുതര പ്രശ്നങ്ങളുള്ള വിജയ്അഗർവാളിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് 21 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള വിജയ്അഗർവാളിന്റെ ആരോഗ്യാവസ്ഥ വഷളായെന്നും ചികിത്സയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ആരോഗ്യസാഹചര്യങ്ങൾ പരിഗണിച്ച്, ഇഡിയുടെ എതിർപ്പ് മറികടന്ന് ഫെബ്രുവരി 10 വരെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.