പട്ന
ബിഹാർ മദ്യദുരന്തത്തിൽ ബിജെപി–- ആർഎസ്എസ് ബന്ധം അന്വേഷിക്കണമെന്ന് സിപിഐ എംഎൽ. സംഘപരിവാർ പിന്തുണയുള്ള സംഘങ്ങളാണ് ദുരന്തത്തിനു പിന്നിലെന്നും ഇത് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി നിതീഷ് കുമാറിനോട് സിപിഐ എംഎൽ ആവശ്യപ്പെട്ടു.
നേരത്തേ സമാന കേസിൽ ആർഎസ്എസ് ബന്ധമുള്ളവർ പിടിയിലായിട്ടുണ്ട്. 2018ൽ ഗോപാൽഗഞ്ചിൽനിന്നുള്ള ബിജെപി എംഎൽഎയുടെ സഹോദരൻ വൻ മദ്യശേഖരവുമായി പിടിയിലായിരുന്നു.
കഴിഞ്ഞവർഷം നവംബറിൽ ഗോപാൽഗഞ്ചിൽ 20 പേർ കൊല്ലപ്പെട്ട മദ്യദുരന്തത്തിൽ പിടിയിലായവരിൽ ഭൂരിഭാഗവും ആർഎസ്എസ്–- ബിജെപി പ്രവർത്തകരാണ്. മദ്യദുരന്തമുണ്ടായ മസ്രാക്കിന്റെ സമീപപ്രദേശങ്ങളാണ് ഇവ. മാത്രമല്ല, ഉത്തർപ്രദേശിൽനിന്ന് മദ്യനിരോധനമുള്ള ബിഹാറിലേക്ക് ആർഎസ്എസ്–- ബിജെപി പിന്തുണയുള്ള സംഘങ്ങൾ മദ്യം കടത്തുന്നതിന്റെ തെളിവുണ്ടെന്നും സിപിഐ എംഎൽ ബിഹാർ സെക്രട്ടറി കുനാൽ പറഞ്ഞു.