ന്യൂഡൽഹി
ആംആദ്മി പാർടി കാരണമാണ് ഗുജറാത്തിൽ കോൺഗ്രസ് തോറ്റതെന്ന് ഭാരത് ജോഡോ യാത്രയുടെ നൂറാം ദിവസത്തിൽ ജയ്പുരിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി. ബിജെപിയുടെ മറ്റൊരു രൂപമായ എഎപി ഇല്ലായിരുന്നെങ്കിൽ ഗുജറാത്തിൽ കോൺഗ്രസിന് ബിജെപിയെ തോൽപ്പിക്കാനാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ നേരിടാൻ ധൈര്യമില്ലാത്തവരാണ് കോൺഗ്രസ് വിട്ടുപോകുന്നത്. കോൺഗ്രസിൽ വിശ്വസിക്കുന്നവരെയും ഫാസിസത്തിൽ വിശ്വസിക്കാത്തവരെയുമാണ് കോൺഗ്രസിന് വേണ്ടത്. കോൺഗ്രസ് ഒരിക്കലും തകരില്ല. ബിജെപിയെ താഴെയിറക്കുന്നത് കോൺഗ്രസായിരിക്കും.
തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താൻ സംഘടിത ശ്രമമുണ്ട്. എഐസിസി പ്രസിഡന്റ്സ്ഥാനം അശോക് ഗെലോട്ട് ഏറ്റെടുക്കാതിരുന്നത് ഉൾപാർടി ജനാധിപത്യത്തിന്റെ ഭാഗമാണ്. ചൈനാ വിഷയത്തിൽ കേന്ദ്രം ഒളിച്ചുകളി തുടരുകയാണ്. ചൈന യുദ്ധത്തിന് ഒരുങ്ങുകയാണെന്ന് വ്യക്തമാണ്.
എന്നാൽ, സർക്കാർ മയക്കത്തിലാണ്–- രാഹുൽ പറഞ്ഞു. സെപ്തംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച യാത്ര നൂറാം ദിവസം രാജസ്ഥാനിലെ ദൗസയിലാണ് എത്തിയത്.