ന്യൂഡൽഹി
ഇന്ത്യ–- ചൈന അതിർത്തിസംഘർഷത്തിൽ ചർച്ചയിൽനിന്ന് ഒളിച്ചോടുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം തുടർന്നു. രാജ്യസഭയിൽ ശൂന്യവേള പൂർണമായും തടസ്സപ്പെട്ടു. വിഷയത്തിൽ അടിയന്തര ചർച്ചയ്ക്ക് നൽകിയ നോട്ടീസ് നിരാകരിക്കപ്പെട്ടതോടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. വിഷയം ഉന്നയിക്കാൻ അവസരം നൽകണമെന്ന പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അഭ്യർഥനയും നിരാകരിക്കപ്പെട്ടു. പ്രതിപക്ഷ നേതാവ് ഏത് വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടാലും അനുവദിക്കാമെന്ന സർക്കാർ ഉറപ്പാണ് ലംഘിക്കപ്പെട്ടതെന്ന് ഖാർഗെ കുറ്റപ്പെടുത്തി.
ഒമ്പതിനാണ് അരുണാചലിലെ തവാങ്ങിനോട് ചേർന്ന് ഇന്ത്യ–- ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായത്. സാഹചര്യം വിശദീകരിച്ച് ചൊവ്വാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാർലമെന്റിന്റെ ഇരുസഭയിലും പ്രസ്താവന നടത്തിയിരുന്നു. എന്നാൽ, കേന്ദ്രമന്ത്രിമാർ പ്രസ്താവന നടത്തുമ്പോൾ രാജ്യസഭയിൽ പതിവുള്ള വ്യക്തത വരുത്തൽ ചോദ്യങ്ങൾക്കുള്ള അവസരവും നിഷേധിക്കപ്പെട്ടു. തന്ത്രപ്രധാന വിഷയങ്ങളിൽ ഇത്തരം ചർച്ച അനുവദിക്കാനാകില്ലെന്ന നിലപാടാണ് സഭാധ്യക്ഷൻ ജഗ്ദീപ് ധൻഖർ സ്വീകരിച്ചത്. തുടർന്നാണ് ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചത്.
അതിർത്തിയിൽ നിർമാണം
വർധിപ്പിച്ച് ചൈന
ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ റോപ്വേയും റോഡുകളുമടക്കം കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ ചൈന നടത്തുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെയും ചൈനയുടെയും ഭൂട്ടാന്റെയും അതിർത്തികൾ സംഗമിക്കുന്നിടത്താണ് റോപ്വേ നിർമിച്ചത്. ഇതോടൊപ്പം കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ തവാങ് മേഖലയിലെ യാങ്സെ പ്രദേശത്ത് ചൈന പട്രോളിങ് സജീവമാക്കിയതായും പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ദോക്ലമിനു സമീപമായി ടോർസ നളയിലാണ് ചൈന റോപ്വേ നിർമിച്ചതായ റിപ്പോർട്ട് വന്നത്. ഇവിടെ ഇന്ത്യ–- ചൈനാ സൈന്യങ്ങൾ തമ്മിൽ 2017ലുണ്ടായ സംഘർഷം 73 ദിവസം നീണ്ടിരുന്നു. എന്നാൽ, ദോക്ലമിൽ ചൈന പുതിയ നിർമാണപ്രവർത്തനങ്ങളൊന്നും നടത്തുന്നില്ലെന്നാണ് ഭൂട്ടാന്റെ അവകാശവാദം. ഇന്ത്യയിലെ ഭൂട്ടാൻ സ്ഥാനപതി ജനറൽ വെത്സോപ് നങ്ങ്യാലാണ് റിപ്പോർട്ടുകൾ നിഷേധിച്ചത്. ഭൂട്ടാൻ സൈന്യത്തോട് വിവരങ്ങൾ തിരക്കിയശേഷമാണ് ഇക്കാര്യം ആധികാരികമായി സ്ഥിരീകരിക്കുന്നതെന്നും സ്ഥാനപതി പറഞ്ഞു. അതേസമയം, തവാങ്ങിലെ യാങ്സെ മേഖലയിൽ തന്ത്രപ്രധാനമായ ഉയർന്ന പ്രദേശങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിൽ തുടരുന്നതിൽ ചൈനയ്ക്ക് അസ്വസ്ഥതയുണ്ടെന്ന് പ്രതിരോധവൃത്തങ്ങൾ പറഞ്ഞു.