ന്യൂഡൽഹി
ബഹിരാകാശ മിഷനുകളുടെ എണ്ണം അഞ്ചുവർഷംകൊണ്ട് മൂന്നിലൊന്നായി കുറഞ്ഞെന്നും ബഹിരാകാശ ഗവേഷണത്തിന് നീക്കിവയ്ക്കുന്ന തുക വെട്ടിക്കുറച്ചെന്നും കേന്ദ്രസർക്കാർ. രാജ്യസഭയിൽ വി ശിവദാസന്റെ ചോദ്യത്തിന് ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് മറുപടി നൽകിയത്. ഐഎസ്ആർഒയ്ക്ക് 2019–-20ൽ 13,139 കോടിയും 2020-–-21 വർഷം 9500 കോടിയും 2021––22ൽ 12,642 കോടി രൂപയുമാണ് നീക്കിവച്ചത്. വിക്രം സാരാഭായ് സ്പെയ്സ് സെന്ററിനാകട്ടെ 2019–-20ൽ 1463.09 കോടിയും 2020-–-21ൽ 1206 കോടിയും 2021-–-22ൽ 1458 കോടി രൂപയും നീക്കിവച്ചു. ശാസ്ത്ര സാങ്കേതികരംഗത്ത് ഗവേഷണത്തിന് നീക്കിവയ്ക്കുന്ന തുക തീരെ അപര്യാപ്തമെന്ന വിമർശം നിലനിൽക്കവെയാണ് മിഷനുകളുടെ എണ്ണം കുറയുന്നതായ വെളിപ്പെടുത്തൽ.
2017––18ൽ 15 സ്പെയ്സ് മിഷനുകൾ ലോഞ്ച് ചെയ്തതിൽ 12 എണ്ണം വിജയിച്ചു. 2018–-19ൽ 14 മിഷൻ ലോഞ്ച് ചെയ്തതിൽ 14 എണ്ണവും 2019-–-20ൽ 11 മിഷൻ ലോഞ്ച് ചെയ്തതിൽ 11 എണ്ണവും വിജയിച്ചു. 2020-–-21ൽ അഞ്ചു മിഷൻ ലോഞ്ച് ചെയ്തതിൽ എല്ലാം വിജയിച്ചു. 2021––22ൽ അഞ്ചു മിഷൻ ലോഞ്ച് ചെയ്തെങ്കിലും മൂന്ന് എണ്ണമാണ് വിജയിച്ചതന്നും കേന്ദ്രം അറിയിച്ചു.
രൂപയുടെ വില കുത്തനെ ഇടിയുകയും പണപ്പെരുപ്പം വർധിക്കുകയും ചെയ്തിട്ടും ബഹിരാകാശ ഗവേഷണത്തിന് നീക്കിവയ്ക്കുന്ന തുകയിലും 2019–- -20ൽ നിന്ന് കുറവാണ് വന്നിട്ടുള്ളതെന്നും കണക്ക് വ്യക്തമാക്കുന്നു.