ഹൈദരാബാദ്
ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ അർധ ഫാസിസ്റ്റ് ആക്രമണം നേരിടുന്ന എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ചുള്ള പ്രക്ഷോഭങ്ങൾക്ക് എസ്എഫ്ഐ അഖിലേന്ത്യ സമ്മേളനം ആഹ്വാനം ചെയ്തു. വിദ്യാർഥികൾ, യുവജനങ്ങൾ, കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ എന്നിവരുടെ രാജ്യവ്യാപക, സംസ്ഥാനതല ഐക്യപോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും വീരതെലങ്കാനയുടെ മണ്ണിൽ സമാപിച്ച സമ്മേളനം വ്യക്തമാക്കി.
കോവിഡ് കാലത്ത് പാർലമെന്റിൽ ചർച്ച അനുവദിക്കാതെ കേന്ദ്രം പാസാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസനയം വിദ്യാഭ്യാസത്തിന്റെ സമ്പൂർണ കച്ചവടവൽക്കരണവും വർഗീയവൽക്കരണവുമാണ് ലക്ഷ്യമിടുന്നത്. പൊതുവിദ്യാഭ്യാസ സംവിധാനം തകർക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കർഷകരെ അടിമകളാക്കുന്ന വിവാദ നിയമങ്ങൾ കേന്ദ്രസർക്കാർ പാസാക്കിയെങ്കിലും ഐതിഹാസിക കർഷകപ്രക്ഷോഭത്തിനുമുന്നിൽ പിൻവലിക്കേണ്ടിവന്നു. വിവാദ വൈദ്യുതി ഭേദഗതിയിൽനിന്ന് പിൻവാങ്ങേണ്ടിവന്നു. മനുസ്മൃതി പിന്തുടരുന്ന ബിജെപി–- ആർഎസ്എസ് ഭരണത്തിൽ സ്ത്രീസുരക്ഷയും പുരോഗമന നീക്കങ്ങളും അട്ടിമറിക്കപ്പെടുന്നു. ഹിന്ദുത്വ–- കോർപറേറ്റ് കൂട്ടുകെട്ട് നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരായ യോജിച്ച പോരാട്ടത്തിന് എസ്എഫ്ഐ മുൻനിരയിൽ പ്രവർത്തിക്കുമെന്ന് ഒസ്മാനിയ സർവകലാശാലയിൽ മല്ലൂസ്വരാജ്യം നഗറിലെ അഭിമന്യു– ധീരജ്–അനീസ് ഖാൻ മഞ്ചിൽ (ടാഗോർ ഹാൾ) ചേർന്ന സമ്മേളനം പ്രമേയത്തിലൂടെ വ്യക്തമാക്കി. വിദ്യാഭ്യാസമേഖലയെ ജനാധിപത്യവൽക്കരിക്കാനും സംഘപരിവാർ കടന്നാക്രമണങ്ങളെ ചെറുക്കാനും പലസ്തീൻ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ പോരാടുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും 36 പ്രമേയം പാസാക്കി.
ലൈംഗിക ന്യൂനപക്ഷങ്ങളെയും ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തി എസ്എഫ്ഐ ഭരണഘടനയുടെ ലക്ഷ്യവും ഉദ്ദേശ്യവും എന്ന അധ്യായത്തിലെ അനുച്ഛേദം 3(6) സമ്മേളനം ഭേദഗതി ചെയ്തു. രണ്ട് വിദേശ യൂണിറ്റിൽ അംഗത്വ ഫീസ് തദ്ദേശീയമായ കറൻസിയിൽ വാങ്ങാനും തീരുമാനിച്ചു.
പോരാട്ടക്കരുത്തിൽ തളിർത്ത നേതൃപാടവം
അഖിലേന്ത്യ തലത്തിൽ വൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ അനുഭവസമ്പത്തുമായാണ് എസ്എഫ്ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് വി പി സാനു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. തുടർച്ചയായി മൂന്നാം തവണ പ്രസിഡന്റായ ആദ്യ വ്യക്തിയെന്ന പ്രത്യേകതയും സ്വന്തം.
കോവിഡ് കാലത്തും പൗരത്വഭേദഗതി നിയമം, വിദ്യാഭ്യാസത്തിന്റെ സമ്പൂർണ കച്ചവട– വർഗീയവൽക്കരണം ലക്ഷ്യംവച്ചുള്ള കേന്ദ്ര സർക്കാർ നയങ്ങൾ എന്നിവയ്ക്കെതിരെ സജീവ ഇടപെടാൻ സാനുവിന്റെ നേതൃത്വത്തിൽ എസ്എഫ്ഐക്കായി. സന്നദ്ധപ്രവർത്തനങ്ങളിലൂടെയും സംഘടന മാതൃകകാട്ടി.
സിക്കറിൽ 2016ൽ നടന്ന എസ്എഫ്ഐയുടെ 15–-ാം അഖിലേന്ത്യ സമ്മേളനത്തിലാണ് സാനു പ്രസിഡന്റായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. 2018 ഷിംല സമ്മേളനത്തിലും തുടർന്നു. ഇതിനുമുമ്പ് ജനറൽ സെക്രട്ടറിയായിരുന്ന നേപ്പാൾ ദേബ് ഭട്ടാചാര്യ മാത്രമാണ് (1979, 1981, 1984) തുടർച്ചയായി ഒരേ പദവിയിൽ ഇരുന്നത്. എസ്എഫ്ഐ കേരള സംസ്ഥാന പ്രസിഡന്റായിരുന്നു സാനു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021 ഉപതെരഞ്ഞെടുപ്പിലും മലപ്പുറത്തുനിന്ന് ജനവിധി തേടി. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്. വളാഞ്ചേരി സ്വദേശിയായ സാനു സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി സക്കരിയ്യയുടെയും പി വി റംലയുടെയും മകനാണ്. ഗവേഷണ വിദ്യാർഥിയായ ഗാഥ എം ദാസാണ് ഭാര്യ.
രണ്ടാംതവണ ജനറൽ സെക്രട്ടറിയായ മയൂഖ് ബിശ്വാസ് ബംഗാൾ സ്വദേശിയും സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസ് ഗവേഷണ വിദ്യാർഥിയുമാണ്. സിപിഐ എം ബംഗാൾ സംസ്ഥാന കമ്മിറ്റി അംഗമാണ്. അമലേന്തു ബിശ്വാസ്, മനീഷ ദമ്പതികളുടെ മകനാണ്.