കൊച്ചി
ശബരിമല പ്രത്യേക ക്യൂവിലൂടെ ദർശനം കഴിഞ്ഞെത്തുന്നവർക്ക് വിശ്രമിക്കാൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. കുട്ടികൾക്കും മുതിർന്നവർക്കും രോഗികൾക്കും ഭിന്നശേഷിക്കാർക്കും നടപ്പന്തൽമുതൽ സന്നിധാനംവരെ പ്രത്യേക ക്യൂ ഏർപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഈ സൗകര്യം എവിടെയാണെന്ന് തീർഥാടകരെ അറിയിക്കണം. മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ പൊലീസിന്റെ പ്രത്യേക ശ്രദ്ധ വേണമെന്നും അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആവശ്യമായ പൊലീസ് സേനാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കണക്ക് കോടതി നിർദേശിച്ചു. നിലക്കലിലെ പാർക്കിങ്ങുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ട് കോടതി തേടി. ഇത് സംബന്ധിച്ച കരാറിന്റെ പകർപ്പ് സ്പെഷ്യൽ കമീഷണർക്ക് ദേവസ്വം ബോർഡ് കൈമാറി.
പത്തനംതിട്ട കലക്ടറും പൊലീസ് മേധാവിയും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് കോടതി നിർദേശിച്ചു. 18–-ാംപടിയിലൂടെ മണിക്കൂറിൽ 4800 തീർഥാടകർ കയറുന്നുവെന്ന് ഉറപ്പാക്കണം. ശരംകുത്തിയിൽ മതിയായ സൗകര്യം ഉറപ്പാക്കണം. ആഴ്ചയിൽ രണ്ടുതവണ ഡെവലപ്മെന്റ് സൂപ്പർവൈസറുടെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥൻ പരിശോധിക്കണം. ഹർജി ശനിയാഴ്ച വീണ്ടും പരിഗണിക്കും.