ദുബായ്> ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി ദുബായിൽ ഡ്രൈവറില്ലാ ട്രക്കുകൾ പരീക്ഷണ ഓട്ടം തുടങ്ങി. ദുബായ് സൗത്തും ഇവോ കാർഗോയും തമ്മിലുള്ള സഹകരണ കരാറിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം രാജ്യത്ത് വർദ്ധിപ്പിക്കുകയാണ്.
ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് മൊdubബിലിറ്റി ഹബ്ബാക്കി രാജ്യത്തെ ഉയർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഡ്രൈവർ ഇല്ലാത്ത ട്രക്കുകൾ നിരത്തിലിറക്കുന്നത്. ട്രക്കിന് രണ്ട് ടൺ ഭാരം വഹിക്കാനുള്ള ശേഷി ഉണ്ടാകും. ആറുമണിക്കൂർ വരെ ചാർജ് ചെയ്താൽ ഒരു ദിവസം ഉപയോഗിക്കാനുള്ള വൈദ്യുതി ചാർജ് ലഭിക്കും. ദുബായ് സൗത്ത് ലോജിസ്റ്റിക് ഡിസ്ട്രിക്ടിന്റെ കൺട്രോൾ സെൻറർ ആയിരിക്കും വാഹനം നിയന്ത്രിക്കുന്നത്. അടുത്തവർഷം ഫെബ്രുവരി വരെയാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. ഈ കാലയളവിൽ വാഹനത്തിന്റെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ പഠിച്ച് പ്രാവർത്തിക തലത്തിൽ കൊണ്ടുവരും.
പരിസ്ഥിതി സംരക്ഷണ നയത്തിന്റെ ഭാഗമായി കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ദുബായിൽ നടന്നുകൊണ്ടിരിക്കുന്നത്. ദുബായ് മെട്രോ, ട്രാം, ബസ്, ടാക്സി എന്നിവയിലെല്ലാം ഡ്രൈവർ രഹിത സംവിധാനം നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഗതാഗത ചെലവ് 44 ശതമാനം കുറച്ചുകൊണ്ട്, 900 ദശലക്ഷം ദിർഹം നേട്ടമുണ്ടാക്കാനുള്ള പ്രവർത്തനത്തിലാണ് ഗതാഗത വകുപ്പ്.