ദോഹ
ക്രൊയേഷ്യയെ വലിയസ്വപ്നം കാണാൻ പഠിപ്പിച്ച ലൂക്കാ മോഡ്രിച്ച് കിരീടമില്ലാതെ മടങ്ങുന്നു. മുപ്പത്തേഴുകാരന് ഇനിയൊരു ലോകകപ്പ് കളിക്കാൻ അവസരമില്ല. റഷ്യയിലും ഖത്തറിലും ക്രൊയേഷ്യയെ ചലിപ്പിച്ചത് മോഡ്രിച്ചായിരുന്നു. 2018 ലോകകപ്പിലെ ഏറ്റവും മികച്ച താരമായിരുന്നു മോഡ്രിച്ച്. ഇക്കുറി അർജന്റീനയ്ക്കുമുന്നിൽ വീണെങ്കിലും മോഡ്രിച്ച് തല ഉയർത്തിയാണ് മടങ്ങുന്നത്. ലൂസേഴ്സ് ഫൈനലിൽ ഒരിക്കൽക്കൂടി മോഡ്രിച്ച് ലോകകപ്പ് വേദിയിൽ പന്ത് തട്ടും.
2006 ലോകകപ്പിലായിരുന്നു മോഡ്രിച്ചിന്റെ വിശ്വവേദിയിലേക്കുള്ള അരങ്ങേറ്റം. 2006ലും 2014ലും ടീം ഗ്രൂപ്പുഘട്ടത്തില് പുറത്തായി. 2018ൽ മോഡ്രിച്ചും സംഘവും കളം വാണു. നാല് ലോകകപ്പുകളിലായി 17 മത്സരം കളിച്ചു. രണ്ട് ഗോൾ നേടി. ഒന്നിന് വഴിയൊരുക്കി. ക്രൊയേഷ്യക്കായി 161 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 23 ഗോളും നേടി.
പന്തുമായി എതിർ ഗോൾമുഖത്തേക്ക് മുന്നേറിയതിൽ ഖത്തറിൽ അഞ്ചാമതുണ്ട് ഈ മുപ്പത്തേഴുകാരൻ. 201 തവണ. പന്ത് റാഞ്ചിയെടുക്കുന്നതിലും പന്തടക്കത്തിലും മുൻപന്തിയിൽ തന്നെ. റയൽ അഞ്ചുതവണ ചാമ്പ്യൻസ് ലീഗും മൂന്ന് സ്പാനിഷ് ലീഗ് കിരീടവും നേടിയപ്പോഴും നിർണായക പങ്കാളിയായിരുന്നു മോഡ്രിച്ച്. ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുഗത്തിൽ ബാലൻ ഡി ഓർ നേടിയത് മാത്രംമതി മോഡ്രിച്ചിനെ അടയാളപ്പെടുത്താൻ.















