കോഴിക്കോട്
കോഴിക്കോട് കോർപറേഷന്റെ അക്കൗണ്ടിൽനിന്ന് പഞ്ചാബ് നാഷണൽ ബാങ്ക് മുൻ സീനിയർ മാനേജർ തട്ടിയെടുത്ത പണം ബാങ്ക് തിരികെ നൽകി. ബുധൻ വൈകിട്ടാണ് 10.07 കോടി രൂപ, ബാങ്ക് കോർപറേഷന്റെ അക്കൗണ്ടിൽ തിരിച്ചിട്ടത്. ഡൽഹിയിൽ ചേർന്ന ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗത്തിലെ തീരുമാനം അനുസരിച്ചാണ് നടപടി. ലിങ്ക് റോഡ് ബ്രാഞ്ച് മാനേജരാണ് കോർപറേഷൻ സെക്രട്ടറിയെ പണം തിരികെ നൽകുന്നതായി അറിയിച്ചത്.
അക്കൗണ്ടിലെ പണത്തിന്റെ പലിശ നിലവിൽ കൈമാറിയിട്ടില്ല. ഇത് ലഭിക്കാൻ നടപടിയെടുക്കും. 12.68 കോടി രൂപയാണ് തട്ടിയത്. ഒരാഴ്ചക്കകം ബാങ്ക് 2.53 കോടി രൂപ തിരികെ നൽകി. ബാക്കിയാണ് ഇപ്പോൾ കൈമാറിയത്.
മുൻ സീനിയർ മാനേജർ അറസ്റ്റിൽ
കോർപറേഷന്റെ കോടികൾ ഉൾപ്പെടെ വിവിധ അക്കൗണ്ടിൽനിന്ന് പണം തട്ടിയ കേസിൽ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ സീനിയർ മാനേജർ അറസ്റ്റിൽ. നായർകുഴി ഏരിമല പറപ്പാറമ്മൽ വീട്ടിൽ എം പി റിജിൽ (32) ആണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. രണ്ടാഴ്ചയായി ഒളിവിലായിരുന്ന ഇയാളെ വീടിന്റെ രണ്ട് കിലോമീറ്റർ അകലെയുള്ള ബന്ധുവീട്ടിൽനിന്നാണ് ബുധൻ വൈകിട്ട് ആറോടെ പിടികൂടിയത്.
വിശദമായ ചോദ്യംചെയ്യലിനുശേഷം രാത്രി അറസ്റ്റ് രേഖപ്പെടുത്തി. കോവിഡ് കാലം മുതൽ അക്കൗണ്ടുകളിൽനിന്ന് തിരിമറി നടത്തിയതായി റിജിൽ മൊഴിനൽകി. ഈ പണം ഓൺലൈൻ ഷെയർ മാർക്കറ്റുകളിലാണ് നിക്ഷേപിച്ചത്. പിടിക്കപ്പെടാതിരുന്നതിനാൽ കൂടുതൽ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചു. ഓഹരി വിപണിയിൽനിന്ന് ലാഭമുണ്ടാകുമ്പോൾ തിരിച്ചിടാമെന്നായിരുന്നു കണക്കുകൂട്ടൽ. റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. വീണ്ടും നൽകിയ അപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് പിടിയിലായത്.















