തിരുവനന്തപുരം
വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ 70 ശതമാനവും പൂർത്തിയായതായി മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. 2024 ൽ പൂർണമായും കമീഷനിങ് ചെയ്യാനാണ് തീരുമാനം. സെപ്തംബറിൽ ആദ്യ കപ്പൽ എത്തുംവിധം തുറമുഖ നിർമാണം വേഗത്തിലാക്കുമെന്ന് പദ്ധതി പ്രദേശത്ത് ചേർന്ന അവലോകനയോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിരീക്ഷണ കമ്മിറ്റി യോഗം എല്ലാ മാസത്തിലെയും അവസാന ബുധനാഴ്ച ചേർന്ന് അവലോകനം നടത്തും. ബ്രേക്ക് വാട്ടർ, ബാർജ് എന്നിവയുടെ പ്രവൃത്തി നന്നായി പോകുന്നുണ്ട്. ഇനി കാലവിളംബം ഉണ്ടാകില്ലെന്നാണ് വിശ്വാസം. സമരംമൂലം നഷ്ടപ്പെട്ട പ്രവൃത്തിദിനങ്ങൾകൂടി വീണ്ടെടുക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തു.
പുലിമുട്ട് നിർമാണത്തെയാണ് സമരം കൂടുതൽ ബാധിച്ചതെന്ന് യോഗം വിലയിരുത്തി. ഇത് പരിഹരിക്കാൻ 60 കോടി രൂപ ചെലവിട്ട് പുതിയ ലോഡ് ഔട്ട് പോയിന്റ് (എൽഒപി) നിർമിച്ച് ജനുവരിയോടെ പ്രവർത്തനക്ഷമമാക്കും. നിലവിൽ ദിവസം 15,000 ടൺ പാറയാണ് നിക്ഷേപിക്കുന്നത്. ജനുവരിയോടെ ഇരട്ടിയാക്കും. 13 ബാർജും ആറ് ടഗ്ഗും പുലിമുട്ട് നിർമാണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ കൊണ്ടുവരും. ഡ്രഡ്ജിങ് റിക്ലമേഷൻ ജോലികളും ഉടൻ പുനരാരംഭിക്കും. യന്ത്രങ്ങൾ ഉടനെത്തിക്കും.
പുലിമുട്ട് പുരോഗമിക്കുന്ന മുറയ്ക്ക് 400 മീറ്റർ ബർത്ത് നിർമാണംകൂടി പൂർത്തിയാക്കും. 33/11 കെവി പവർ സബ്സ്റ്റേഷൻ ജനുവരിയിലും ഗേറ്റ് കോപ്ലക്സ് മാർച്ചിലും വർക് ഷോപ്പ് കോപ്ലക്സ് ഏപ്രിലിലും എക്യുപ്മെന്റ് വെസൽ മേയിലും കണ്ടെയ്നറുകളുടെ റഫ്രിജറേറ്റർ ആഗസ്തിലും പൂർത്തിയാക്കും. പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ അധ്യക്ഷതയിൽ പ്രവർത്തിക്കുന്ന മോണിറ്ററിങ് കമ്മിറ്റി യോഗം മുടങ്ങാതെ സംഘടിപ്പിക്കും. അവലോകനയോഗത്തിൽ തുറമുഖ സെക്രട്ടറി കെ ബിജു, വിസിൽ സിഇഒ ഡോ. ജയകുമാർ, അദാനി കമ്പനി സിഇഒ രാജേഷ് ഝാ, ഓപ്പറേഷണൽ മാനേജർ സുശീൽ നായർ എന്നിവരും പങ്കെടുത്തു.















